ഇടവെട്ടി: വില്ലേജ് ആഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി അനുമതിയില്ലാതെ ഷെഡ് കെട്ടിയതായി പരാതി. ഇടവെട്ടി പി.എച്ച്.സിക്ക് എതിർവശത്തുള്ള സ്ഥലത്ത് അനുമതിയില്ലാതെ ഷെഡ് കെട്ടിയെന്ന് ആരോപിച്ച് ഇടവെട്ടി സ്വദേശി ഷാജഹാനെതിരെയാണ് കാരിക്കോട് വില്ലേജ് ആഫീസർ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരൻ അനധികൃത നിർമാണം നടത്തുന്നെന്ന് ആരോപിച്ച് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. തുടർന്ന് തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. കാരിക്കോട് വില്ലേജ് ആഫീസർ സ്ഥലത്തെത്തി പണികൾ നിറുത്തി വയ്ക്കാൻ നിർദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.