മാങ്കുളം: കൊവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് വേറിട്ട മാതൃകയുമായി ദേവികുളം ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റ് ആരംഭിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേവികുളം, മറയൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ സ്ഥിരം ടെസ്റ്റിംഗ് സംവിധാനമുള്ളതിനാൽ ഈ പഞ്ചായത്തുകൾ ഒഴിച്ചുള്ള പഞ്ചായത്തുകളിലാണ് പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്. തനതു ഫണ്ടിൽ നിന്ന് പത്തുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിൽ എഴു ദിവസം ഇടവേളകളിൽ മൂന്ന് ടെസ്റ്റ് വീതം നടത്തുന്നതായിരിക്കും. പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് ടെസ്റ്റ് നടത്തുന്നത്. തുടർന്ന് രോഗ വ്യാപനം കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ ടെസ്റ്റിംഗിന്റെ അപര്യാപ്തത മൂലം കൊവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാകുന്നില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, വൈസ് പ്രസിഡന്റ് എൻ.ആർ. ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺ മാങ്കുളം ബ്ലോക്ക് സെക്രട്ടറി എൻ.ആർ ആനന്ദൻ എന്നിവർ അറിയിച്ചു.