കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതിന്റെ പശ്ചാത്തലത്തിൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി. പീരുമേട് പെർഫോമൻസ് ഓഫിസിലെ സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇവരുടെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ഉടൻ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർക്ക് റിപ്പോർട്ടുനൽകും. അതേസമയം ബി.ഡി.ഒയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് കളക്ടർക്ക് നൽകും. ഇന്നലെ നടത്തിയ പരിശോധനയിലെ വിവരങ്ങൾ കൂടി ചേർക്കുന്നതിനാലാണ് റിപ്പോർട്ട് നൽകാൻ ഒരുദിവസം കൂടി താമസിച്ചത്.