ഉപ്പുതറ: ഈ കാലവർഷത്തിലും ദുരിതംപേറാനാണ് മ്ലാമല നിവാസികളുടെ വിധി. 18 മാസംകൊണ്ട് പാലം നിർമിക്കുമെന്ന് സർക്കാർ കോടതിക്ക് നൽകിയ ഉറപ്പും പാഴായി,​ മ്ലാമല നിവാസികളുടെ യാത്രയ്ക്ക് ഇനിയും പരിഹാരമകലെ. മ്ലാമല, ശാന്തിപ്പാലം നിവാസികളുടെ ശ്രമഫലമായി ജനകീയമായി നിർമിച്ച ശാന്തിപ്പാലം 2018ലെ പ്രളയത്തിലാണ് ആദ്യമായി തകർന്നത്. പാലം തകർന്നതോടെ മ്ലാമല നിവാസികളുടെയും ശാന്തിപ്പാലം നിവാസികളുടെ ഗതാഗതം നിലച്ചു. അധികൃതരുടെ കാരുണ്യം ഉണ്ടാക്കാതെ വന്നതോടെ ജനങ്ങൾ താത്കാലികമായി പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ 2019ൽ പ്രളയം വീണ്ടും പാലത്തെ വിഴുങ്ങി. മ്ലാമലയിൽ നിന്നും വണ്ടിപ്പെരിയാറിനു പോകുന്ന റോഡിലെ പാലവും 2019ൽ തകർന്നു ഇതോടെ മ്ലാമല എന്ന ഗ്രാമം ഒറ്റപ്പെട്ടു. മ്ലാമല ഫാത്തിമ മാത സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി. പുതിയ പാലം നിർമിക്കാനായി പല വാതിലും മുട്ടിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഫാത്തിമ മാത സ്‌കൂളിലെ കുട്ടികൾ കോടതിക്ക് തങ്ങളുടെ ദുരിതം കാണിച്ച് കത്തെഴുതി. കോടതി കുട്ടികളുടെ ദുരിതം അനുഭാവ പൂർവം പരിഹരിക്കുകയും മ്ലാമലയിലെത്തി പാലം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് സർക്കാരിനോട് വിശദീകരണം തേടി. 18 മാസത്തിനുള്ളിൽ പാലം നിർമിക്കാമെന്ന് സർക്കാർ കോടതിക്ക് ഉറപ്പുനൽകി. എന്നാൽ രണ്ടുവർഷമായിട്ടും പാലമുണ്ടായില്ല. കഴിഞ്ഞ ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കുക മാത്രമാണുണ്ടായത്. പുതിയ സർക്കാരെങ്കിലും തങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.