മുരിക്കാശേരി: ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഒരു നിശ്ചിതസമയംവീതം എല്ലാ വ്യാപാരസ്ഥാപനങ്ങളും മാറിമാറി തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് ഓൺലൈനായി നിവേദനം നൽകി. ചെറിയ റെഡിമെയ്ഡ് ഷോപ്പുകളും വസ്ത്ര വ്യാപാര ശാലകളും ചെരുപ്പുകടകളും മൊബൈൽ റീചാർജ് ഷോപ്പുകളും ഗൃഹോപകരണ വിൽപന ശാലകളും കഴിഞ്ഞ ഒരുമാസത്തോളമായി പൂർണമായി അടഞ്ഞുകിടക്കുകയാണ്. ഈ വിഭാഗത്തിൽപ്പെട്ട വ്യാപാരികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അതുമൂലമുള്ള മാനസിക ബുദ്ധിമുട്ടിലുമാണെന്ന് കമ്മിറ്റി പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ എല്ലാദിവസവും തുറക്കണമെന്ന് നിർബന്ധമില്ല. നാലോ അഞ്ചോ ദിവസം അവ തുറന്നിട്ട് ആഴ്ചയിൽ രണ്ടുദിവസം വീതമെങ്കിലും മറ്റു വിഭാഗത്തിൽപ്പെട്ട കടകൾ തുറക്കാൻ അനുമതി നൽകിയാൽ ഒരു പരിധിവരെയെങ്കിലും വ്യാപാരികൾക്ക് ആശ്വാസകരമാകും. എന്നു മാത്രമല്ല, പൊതുജനങ്ങൾക്ക് ഉപകാരപ്രദവുമാകും. ഓൺലൈനായി കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ എന്നിവർ പങ്കെടുത്തു.