മൂന്നാർ: മൂന്നാറിലും എസ്റ്റേറ്റ് മേഖലകളിലും തദ്ദേശഭരണ കൂടത്തിന്റെ നേതൃത്വത്തിൽ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി. കണ്ണൻ ദേവൻ പ്ലാന്റേഷൻ ലിമിറ്റഡ് കമ്പനിയുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. ആദ്യ പടിയായി മൂന്നാർ ടൗൺ അണുവിമുക്തമാക്കി. ജനങ്ങൾ അധികം എത്തുന്ന പ്രദേശങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറുകൾ, റോഡുകളുടെ വശങ്ങൾ, ഡ്രെയിനേജുകൾ എന്നിവിടങ്ങളിലെല്ലാം അണുനാശിനി തളിച്ചായിരുന്നു അണുവിമുക്ത പ്രവർത്തനങ്ങൾ. എസ്റ്റേറ്റുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മൂന്നാർ പഞ്ചായത്തിനു കീഴിലുള്ള 21 വാർഡുകളിലും അണുവിമുക്ത പരിപാടികൾ നടന്നു. പഞ്ചായത്ത് സെക്രട്ടറി വി.ആർ. അജിത്കുമാർ, വൈസ് പ്രസിഡന്റ് മാർഷ് പീറ്റർ, കെഡിഎച്ച്പി കമ്പനി ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.