തൊടുപുഴ: സെൻട്രൽ മജിസ്‌ട്രേറ്റിന് സഞ്ചരിക്കാൻ വാടകയ്ക്ക് എടുത്തിരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ വ്യാപാരസ്ഥാപനങ്ങളിൽ കയറി ഭീഷണി മുഴക്കുന്നതായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. അടച്ചുപൂട്ടലിനെ തുടർന്ന് വളരെ കുറച്ചു വ്യാപാരസ്ഥാപനങ്ങൾക്ക് മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്. അവിടങ്ങളിൽ വ്യാപാരികൾ കൃത്യമായി കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ട്. ഇതു പാലിക്കുന്നുണ്ടോ എന്നറിയാൻ സെക്ടറൽ മജിസ്‌ട്രേറ്റുകൾ വ്യാപാരസ്ഥാപങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. എന്നാൽ സ്ത്രീകളായ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി സ്വയം മജിസ്‌ട്രേറ്റ് ചമയുന്ന വാഹന ഡ്രൈവർമാരെ നിലയ്ക്കു നിറുത്തണമെന്ന് ജില്ലാ കളക്ടറിനോടും സർക്കാറിനോടും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആനയെ പേടിക്കാം പക്ഷേ,​ ആനപിണ്ടത്തെ പേടിക്കേണ്ട ആവശ്യം വ്യാപാരിക്കൾക്ക് വന്നിട്ടില്ലെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു. കൊവിഡിനെ നേരിടുന്നതിന് ആരോഗ്യപ്രവർത്തകരോടും പൊലീസ് ഉദ്യോഗസ്ഥരോടും എന്നും ചേർന്ന് നിന്ന് പ്രവർത്തിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന വിഭാഗമാണ് വ്യാപാരികൾ. അവർക്കെതിരെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ അടിയന്തര സെക്രട്ടറിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു.