തൊടുപുഴ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ടായ കനത്തമഴയിലും കാറ്റിലും ഇടുക്കി ജില്ലയിൽ നഷ്ടം സംഭവിച്ച കർഷകർക്കും മരിച്ചവർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി അടിയന്തിരമായി 300 കോടി രൂപ അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഇടുക്കിയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ മൂലം ജനം ഭീതിയിലും ദുരിതത്തിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയും പരിഹാര നടപടികളും ഉണ്ടായില്ലെങ്കിൽ കൃഷിക്കാരുടെ സമ്പൂർണ തകർച്ച സംഭവിക്കുമെന്നും എം.പി പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും അർഹമായ ധനസഹായം നൽകണം. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് ഉൾപ്പെടെ നൽകണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകി.