ഇളംദേശം: കൊവിഡ് രണ്ടാം തരംഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ യൂണിറ്റ് ആരംഭിക്കുന്നതിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചതായി പ്രസിഡന്റ് മാത്യു കെ. ജോൺ അറിയിച്ചു. തൊടുപുഴ അൽ- അസ്ഹർ ആശുപത്രിയുമായി സഹകരിച്ചാണ് മൊബൈൽ ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതെന്നും അൽ- അസർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ്, ഡോ. അമൽ എന്നിവരുടെ സഹകരണത്തിന് എല്ലാവരുടെയും നന്ദി അറിയിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇളംദേശം ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ, മെഡിക്കൽ ആഫീസർമാർ, നോഡൽ ആഫീസർമാർ എന്നിവർ ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിനെ പ്രശംസിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളിൽ ലഭ്യമായ മാസ്‌ക്, സാനിട്ടൈസർ, പി.പി.ഇ കിറ്റുകൾ മുതായവ ബ്ലോക്ക് പഞ്ചായത്തിന് കൈമാറുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് വണ്ണപ്പുറം പഞ്ചായത്തിൽ നടത്തുന്നതാണെന്നും പ്രസിഡന്റ് അറിയിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്ന പൾസ് ഓക്‌സിമീറ്റർ വിതരണം പോലുള്ള മറ്റ് കൊവിഡ് പ്രതിരോധ പ്രവത്തനങ്ങളെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ഭാഗ്യരാജ് യോഗത്തിൽ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനി വർഗീസ് നന്ദി പറഞ്ഞു.