തൊടുപുഴ: കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ തൊടുപുഴ യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ ആറ് ദിവസത്തെ ശമ്പളം വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്നതിന് തീരുമാനിച്ചു. നഗരസഭ ആഫീസിൽ നടന്ന ചടങ്ങിൽ 2.35 ലക്ഷം രൂപയുടെ സമ്മതപത്രം യൂണിറ്റ് പ്രസിഡന്റ് മനേഷ് മാത്യു ചെയർമാൻ സനീഷ് ജോർജ്ജിന് കൈമാറി. കൊവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ‌ ഡൗൺ ഏർപ്പെടുത്തേണ്ടി വന്നതുമൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കേന്ദ്രസർക്കാർ സൗജന്യ വാക്‌സിൻ വിതരണത്തിൽ നിന്നും ഏറെക്കുറെ പിന്മാറി. കോടിക്കണക്കിന് രൂപ വില വരുന്ന വാക്‌സിൻ കേരളം വില നൽകി വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിൽ തൊടുപഴ നഗരസഭയിലെ യൂണിയൻ അംഗങ്ങൾ മാതൃകാപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് ചെയർമാൻ അറിയിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ജെ സി ജോണി, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ പങ്കെടുത്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ഹരികൃഷ്ണൻ, ജില്ലാ പ്രസിഡന്റ് വി.എസ്.എം നസീർ, യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.