ചെറുതോണി: ചേലച്ചുവട് സി.എസ്.ഐ മെഡിക്കൽ മിഷൻ ആശുപത്രിയിലെ മെഡിക്കൽ ആഫീസർ ഡോ. അനൂപ് ബാബുവിനെ മർദിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ചെയർമാൻ ഡോ. വി. മുരുകേസൻ,​ കൺവീനർ ഡോ. സി.വി. ജേക്കബ് എന്നിവർ അവശ്യപ്പെട്ടു. കൊവിഡ് ദുരന്ത കാലത്ത് രാപകൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് സർക്കാരും പൊതു സമൂഹവും സംരക്ഷണം ഉറപ്പാക്കണം.
കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആശുപത്രി സംരക്ഷണ നിയമവും പകർച്ചവ്യാധി വ്യാപന നിരോധന നിയമവും തൊഴിൽ സംരക്ഷണ നിയമവും എല്ലാം ഈ കാര്യത്തിൽ ബാധകമാണ്. മഹാമാരിയുടെ ഭീഷണിക്ക് മുമ്പിൽ പതറാതെ അത്മർത്ഥമായി ജോലി ചെയ്ത ഡോക്ടറെ സംഘം ചേർന്ന് ആക്രമിച്ചതിനെ അപലപിക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സാംസ്‌കാരിക കേരളത്തിന് അപമാനമായ ഇത്തരം നടപടികൾ ഇനിയും ആവർത്തിക്കാൻ പാടില്ല. കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഒരു നിമിഷം പോലും വൈകരുതെന്നും ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.