തൊടുപുഴ: കാർഷിക ബില്ലുകൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, രാജ്യത്തെ പൊതു ജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, തൊഴിൽ നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജീവനക്കാർ കരിദിനം ആചരിച്ചു. ആറു മാസമായി പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കരിദിനാചരണം. ജില്ലയിൽ ബി.ഇ.എഫ്.ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ ബാങ്ക് ശാഖകളിലും ആഫീസുകളിലും വീടുകളിലും ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച്, സ്റ്റിക്കറും ബാനറും കൈയിലേന്തി പ്രതിഷേധം രേഖപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ജീവനക്കാർ കരിദിനം ആചരിച്ചത്.