തൊടുപുഴ: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് 'ജനകീയ ഹോട്ടലും സാമൂഹ്യ അടുക്കളയും' വലിയ ആശ്വാസമായി മാറുന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. കൊവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രത്യേക ജനവിഭാഗങ്ങൾക്ക് പൂർണമായും സൗജന്യ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ അടുക്കള ആരംഭിച്ചത്. ജനകീയ ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്യുന്ന ഊണിന് ഇരുപതും പാഴ്സലായി നൽകുന്നതിന് 25 രൂപയും നൽകണം. പ്രദേശികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീക്കാണ് ജനകീയ ഹോട്ടലിന്റെയും സാമൂഹ്യ അടുക്കളയുടെയും നടത്തിപ്പ് ചുമതല. തുടക്കത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഇതിന് ചിലവാകുന്ന ഫണ്ട് പിന്നീട് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറും. കൊവിഡ് ഒന്നാം ഘട്ടത്തിലും ഇത്തരത്തിലുള്ള നടപടിയാണ് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ചത്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന സർക്കാരിന്റെ അംഗീകാരത്തോടെയുള്ള 15 മുതൽ 30 വരെയുള്ള സന്നദ്ധ പ്രവർത്തകരിലൂടെയാണ് ഭക്ഷണം അർഹതപ്പെട്ടവർക്ക് നേരിട്ട് എത്തിക്കുന്നത്.
ദിവസവും 8000 ഗുണഭോക്താക്കൾ
ജില്ലയിൽ 52 പഞ്ചായത്തുകളിലായി 38 ജനകീയ ഹോട്ടലും 14 സാമൂഹ്യ അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. ജനകീയ ഹോട്ടലിൽ നിന്ന് 7000 ൽപരം ആളുകൾക്കും സാമൂഹ്യ അടുക്കളയിൽ നിന്ന് 1000 ൽപരം ആളുകൾക്കും ദിവസവും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ഭക്ഷണം ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിനും ജനകീയ ഹോട്ടലിന്റെയും സാമൂഹ്യ അടുക്കളയുടേയും സുഗമമായ പ്രവർത്തനങ്ങൾക്കും ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും പ്രത്യേകമായ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും നിർദ്ദേശങ്ങളും ഉത്തരുവുകളും ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. കുര്യാക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമും പ്രവർത്തിക്കുന്നുണ്ട്.