മൂലമറ്റം: കനത്ത മഴയെ തുടർന്ന് പതിപ്പള്ളി- മേമുട്ടം റോഡിൽ മൺത്തിട്ടയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മേമുട്ടം അംഗൻവാടിക്ക് സമീപം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വലിയ പാറക്കല്ലും മണ്ണും ചെളിയും റോഡിൽ നിറഞ്ഞതോടെ മേമുട്ടത്തേക്കുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചു. ഇതോടെ ഈ മേഖല പൂർണമായും ഒറ്റപ്പെട്ടു. കാൽനടയാത്ര പോലും സാധിക്കാത്ത വിധമാണ് റോഡിൽ തടസം ഉണ്ടായിട്ടുള്ളത്. പതിപ്പിള്ളി- മേമുട്ടം ഭാഗത്ത് മൊബൈൽ ഫോണിന് റേഞ്ച് കിട്ടാതെ നാട്ടുകാർ ഏറെ ദുരിതത്തിലായിരുന്നു. ഇതിനാൽ മണ്ണിടിഞ്ഞ കാര്യം പ്രദേശവാസികൾ അറിഞ്ഞത് ഉച്ചയോടെയാണ്. പതിപ്പിള്ളി മേഖലയിലേക്കുള്ള റോഡ് നിർമ്മാണം ശക്തമായ മഴയും കൊവിഡ് പ്രതിസന്ധിയും കാരണം താത്കാലികമായി മുടങ്ങിയിരിക്കുകയാണ്. ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് മണ്ണിടിഞ്ഞ് ഉള്ള സൗകര്യം പോലും ഇല്ലാതെയായത്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ റോഡിലെ തടസങ്ങൾ നീക്കാൻ ശ്രമിച്ചെങ്കിലും കൂറ്റൻ പാറ കഷണങ്ങൾ മണ്ണിനൊപ്പം റോഡിൽ പതിച്ചതിനാൽ ശ്രമം വിഫലമായി. റോഡിലെ തടസ്സം നീക്കാൻ മണ്ണുമാന്തി യന്ത്രം ആവശ്യമാണ്. പഞ്ചായത്ത് മെമ്പർ വേലുക്കുട്ടൻ വിവരം താഹസീൽദാരുടെ ശ്രദ്ധയിൽപ്പെടുത്തി. പൊതുമരാമത്ത്‌ അധികൃതർ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.