തൊടുപുഴ: ഒരു മാസക്കാലമായി അടഞ്ഞു കിടക്കുന്നതിനാൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ആവശ്യസേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി മൊബൈൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷനും മൊബൈൽ ഫോൺ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കിയും സംയുക്തമായി സർക്കാരിനോട് ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകളും മറ്റും തുടങ്ങാൻ ഇരിക്കെ കേടായ ഫോണുകൾ നന്നാക്കാനും പുതിയത് വാങ്ങിക്കാനും കഴിയാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടാകണമെന്നും ഷോപ്പുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി നൽകമെന്നും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൊബൈൽ ഫോൺ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷെറീഫ് സർഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ പൗരന് മൊബൈൽ ഫോണുകളും മറ്റും ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. വർക്ക് ഫ്രം ഹോംമിൽ ഏർപ്പെട്ടിരിക്കുന്നവർക്കും രോഗം ബാധിച്ചു നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും നിത്യജീവിതത്തിൽ മാറ്റി നിറുത്താൻ പറ്റാത്ത ആവശ്യ വസ്തുവായ മൊബൈൽ ഫോൺ, കേടുപാടുകൾ തീർക്കുന്നതിനോ, പുതിയത് വാങ്ങിക്കുന്നതിനോ പറ്റാത്ത സാഹചര്യത്തിലാണ് സർക്കാർ അനൂകൂല നിലപാട് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടത്. യോഗത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ അനീഷ് സുബിക്ഷ, സുധിമോൻ, ജനറൽ സെക്രട്ടറി മുനീർ ഇംബൾസ്, സെക്രട്ടറിമാരായ രഞ്ജിത്ത്, റഹിം ട്രഷറർ കിഷോർ എന്നിവർ സംസാരിച്ചു.