തൊടുപുഴ: ചെറിയ ഇടവേളയ്ക്ക് ശേഷം വ്യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിലെമ്പാടും മഴ കനക്കുന്നു. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 158 മി.മി. ഉടുമ്പൻചോല- 40.2 മി.മി, ദേവികുളം- 83.6 മി.മി, ഇടുക്കി- 52.4 മി.മി, തൊടുപുഴ- 37.2 മി.മി എന്നിങ്ങനെയാണ് ജില്ലയിലെ മറ്റിടങ്ങളിൽ പെയ്ത മഴയുടെ അളവ്. ഇന്നലെ രാവിലെ വരെയുള്ള കണക്കാണിത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കല്ലാർകുട്ടി അണക്കെട്ട് തുറന്നു. കല്ലാർ കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ വീതം ഉയർത്തി 180 ക്യുമെക്‌സ് ജലം ഘട്ടം ഘട്ടമായാണ് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ തുറന്നിരിക്കുന്ന മലങ്കര അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ 129.30 അടിയും ഇടുക്കിയിൽ 2336.52 അടിയുമാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം 112.70 അടിയായിരുന്നു മുല്ലപെരിയാറിലെ ജല നിരപ്പ്. നെടുങ്കണ്ടം- രാജാക്കാട് റോഡിലേക്ക് മരം കടപുഴകി വീണ് ബുധനാഴ്ച രാവിലെ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകളടക്കം ഒടിഞ്ഞ് വീണു. പീരുമേട്ടിലടക്കം മഴ തുടർച്ചയായി പെയ്യുന്നത് മലയോര മേഖലയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണ കൂടം ജാഗ്രതയിലാണ്.