തൊടുപുഴ: ആദ്യം ഒരിടത്തും കിട്ടാനില്ലായിരുന്നു,​ അഥവാ കിട്ടിയാൽ തീപിടിച്ച വിലയും. ഒടുവിൽ ന്യായമായ വിലയ്ക്ക് ലഭിച്ചു തുടങ്ങിയപ്പോഴോ...ദാ.. സർവത്ര വ്യാജൻ. പറഞ്ഞു വരുന്നത് കൊവിഡ് രോഗികൾക്ക് ഏറ്റവും അത്യാവശ്യമായ പൾസ് ഓക്സിമീറ്ററുകളെക്കുറിച്ചാണ്.

കൊവിഡ് രണ്ടാം തരംഗത്തിൽ രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നത് പ്രധാന ലക്ഷണങ്ങളിലൊന്നാണ്. അതിനാൽ വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഇവ കൈയിൽ കരുതേണ്ടത് അത്യാവശ്യമാണ്. ഈ അവസരം മുതലെടുത്താണ്‌ വ്യാജന്മാർ വിപണിയിൽ വിലസുന്നത്. കൈവിരൽ വച്ചാൽ മാത്രം റീഡിംഗ് കാണിക്കേണ്ട ഉപകരണത്തിൽ പേനയോ ബാറ്ററിയോ വെച്ചാൽ പോലും റീഡിംഗ് തോത് കാണിക്കും. വാങ്ങുമ്പോൾ ഇത് ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോയെന്ന് തിരിച്ചറിയാൻ സാധിയ്ക്കാതെ വരുന്നു. പ്രത്യേകിച്ചും സാധാരണ ജനങ്ങൾക്ക്. കൊവിഡിന് മുമ്പ് ഓക്സിമീറ്ററിന്റെ ശരാശരി വില 600- 800 ആയിരുന്നു. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾ വീടുകളിൽ കഴിഞ്ഞാൽ മതിയെന്ന നിർദേശം വന്നതുമുതലാണ് ഓക്സിമീറ്ററുകളുടെ ഡിമാൻഡ് വർദ്ധിച്ചത്. വില രണ്ടിരട്ടിയായെന്ന് മാത്രമല്ല,​ ഒരിടത്തും കിട്ടാനില്ലാത്ത സ്ഥിതിയുമായി. ഇതോടെ സംസ്ഥാന സർക്കാർ ഇടപെട്ട് ഏത് കമ്പനിയുടെ ഓക്സിമീറ്ററായാലും 1500 രൂപയിൽ കൂടുതൽ വിലയ്ക്ക് വിൽക്കരുതെന്ന് നിജപ്പെടുത്തി. ഇതോടെയാണ് നിലവാരമില്ലാത്ത ഓക്സിമീറ്ററുകൾ വിപണി കൈയടക്കിയത്. നേരത്തെ മെഡിക്കൽ സ്റ്റോറുകളിൽ മാത്രം ലഭ്യമായിരുന്ന ഓക്സിമീറ്ററുകൾ ഇപ്പോൾ സകല കടകളിലും കിട്ടും. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഓർഡറുകൾ സ്വീകരിച്ച് ഉപകരണം വീടുകളിൽ എത്തിച്ചുകൊടുക്കുന്നവരുമുണ്ട്.

സർക്കാർ നിയന്ത്രണമേർപ്പെടുത്തും

സർക്കാർ കേരള മെഡിക്കൽ കോർപ്പറേഷന്റെ നിലവാരമുള്ള ഓക്സിമീറ്ററുകളുടെ വിൽക്കുന്ന ബ്രാൻഡുകളുടെ ലിസ്റ്റ് താമസിയാതെ പുറത്തിറക്കിയേക്കും. അങ്ങനെ വന്നാൽ നിലവാരമില്ലാത്ത കമ്പനികളുടെ വ്യാജ ഉപകരണങ്ങൾ തടയാനാകും. പൊതുജനങ്ങൾക്കും ഇതറിഞ്ഞ് വാങ്ങാനാകും.

ഓക്സിമീറ്റർ എന്തിന് ?​

രക്തത്തിലെ ഓക്‌സിജൻ തോത് കണ്ടെത്താൻ സാധിയ്ക്കുന്ന ഉപകരണം. അളവ് 94ൽ കുറഞ്ഞാൽ ശ്രദ്ധ വേണം. കാരണം ശരീരത്തിലെ അവയവങ്ങൾക്ക് ആവശ്യത്തിന് ഓക്‌സിജൻ ലഭിയ്ക്കുന്നില്ലെന്ന അവസ്ഥയാണ് ഇത് കാണിയ്ക്കുന്നത്. ഇതിന് സഹായിക്കുന്ന ഉപകരണമാണ് ഓക്‌സിമീറ്റർ.

ജീവന് തന്നെ ഭീഷണി

വ്യാജ ഓക്സിമീറ്ററുകൾ കൊവിഡ് രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. ശരിയായ ഓക്‌സിജൻ അളവ് കുറച്ചു കാണിച്ചാൽ ആളുകളെ അകാരണമായി ഭയപ്പെടുത്തും. ഇതു പോലെ യഥാർത്ഥത്തിൽ കുറവ് അളവുള്ള ഓക്സിജൻ നോർമലാണെന്ന് കാണിച്ചാലും അപകടമാണ്.

മാസ്കുകളിലും വ്യാജൻ

മാസ്കുകളിലും വലിയ തോതിൽ വ്യാജന്മാർ കടകളിൽ സുലഭമാണ്. എൻ 95 മാസ്‌കിന്റെ പേരിലാണ് കൂടുതലും വ്യാജന്മാർ. 22 രൂപ സർക്കാർ വില നിശ്ചയിച്ച എൻ 95 മാസ്ക് 5 രൂപയ്ക്ക് വരെ ചില കടകളിൽ വിൽക്കുന്നുണ്ട്. യഥാർത്ഥ മാസ്‌കിൽ കമ്പനിയുടെ പേര്, ബാച്ച് നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കും.

''മരുന്നുകളിലെ പോലെ ഓക്സിമീറ്ററിലെ വ്യാജനെ കണ്ടെത്തുക എളുപ്പമല്ല. മെഡിക്കൽ ഡിവൈസുകൾ അംഗീകാരമുള്ള സ്ഥാപനങ്ങൾ വഴി മാത്രമേ വിൽക്കാവൂ എന്ന ഉത്തരവ് 2020ൽ ഉണ്ടായിരുന്നു. എന്നാൽ അതിന് 30 മാസത്തെ ഇളവ് നൽകിയിട്ടുള്ളതിനാൽ സൂപ്പർമാർക്കറ്റുകൾ വഴിയും ഇപ്പോൾ ഇവ വിൽക്കാം. എന്നാൽ കൃത്യമായ ബില്ലും ഇൻവോയിസും ഉണ്ടാകണം. ഇതുവരെ വ്യാജ ഓക്സിമീറ്ററുകൾ ജില്ലയിൽ നിന്ന് പിടികൂടിയിട്ടില്ല."

-എൻ.ജെ. ജോസഫ് (ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ)​​