തൊടുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള പഞ്ചായത്ത് വകുപ്പ് ജീവനക്കാർആശങ്കയിൽ. രണ്ടാംഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ 17 ജീവനക്കാരാണ് അടുത്ത നാളുകളിലായി കൊവിഡ് മരണത്തിന് കീഴടങ്ങിയത്. ഇതിന്റെ ആശങ്ക ജില്ലയിലെ പഞ്ചായത്ത് വകുപ്പ് ജീവനക്കാർ പരസ്പരം അറിയുകയും പറയുകയും ചെയ്യുന്നുണ്ട്. കൊവിഡ് ഒന്നാം ഘട്ടത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും ഭരണസമിതിയും ജീവനക്കാരും ഒറ്റക്കെട്ടായി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുകയും സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള ജന വിഭാഗത്തിനും ശ്രദ്ധയും പരിചരണവും നൽകിയിരുന്നു. രണ്ടാം ഘട്ട വ്യാപനം അതി രൂക്ഷമാകുമ്പോഴും പഞ്ചായത്ത് ഓഫീസുകളിലെ ഉദ്യേഗസ്ഥർ സ്വജീവൻ പോലും നഷ്ടമാകുന്ന പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. മരണത്തിന് കീഴടങ്ങിയ ഉദ്യോഗസ്ഥരിൽ ഏറെപ്പേർ ഇടുക്കി ജില്ലയിൽ വർഷങ്ങളോളം സേവനത്തിൽ ഉണ്ടായിരുന്നവരായിരുന്നതിനാൽ ജില്ലയിലെ നിരവധി ഉദ്യോഗസ്ഥരുമായി സൗഹൃദവും ആത്മബന്ധവും ഉണ്ടായിരുന്നു. മനുഷ്യ സാദ്ധ്യമാകുന്ന എല്ലാ സുരക്ഷാ മാർഗ്ഗങ്ങളും സ്വീകരിച്ചുകൊണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനരംഗത്ത് സജീവമായിരുന്ന വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞത് പഞ്ചായത്ത് ഉദ്യോഗസ്ഥരിൽ ദു:ഖവും നിരാശയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ യുദ്ധത്തിൽഅവർ മുൻപന്തിയിൽതന്നെയുണ്ട്.
"കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ സമൂഹത്തിന് ആശ്വാസവും പ്രതീക്ഷയുമായി പ്രവർത്തനരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനൊപ്പം കൊവിഡ് പിടിപെടാതിരിക്കുന്നതിനുള്ള എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്" കെ വി കുര്യാക്കോസ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ