തൊടുപുഴ: സെക്ടറൽ ഉദ്യോഗസ്ഥരുടെ വാടകയ്ക്കെടുത്ത വാഹനത്തിന്റെ ഡ്രൈവർ ജനങ്ങളെയും വ്യാപാരികളെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ അടിയന്തരമായി സേവന രംഗത്ത് നിന്ന് ഒഴിവാക്കാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതു അനുകൂലിയായ ഇയാളെ നിലയ്ക്ക് നിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പോലും ധൈര്യം കാണിക്കാത്തത് ഭരണ കക്ഷിയെ ഭയപ്പെട്ടിട്ടാണ്. പ്രളയവും കൊവിഡും മൂലം തകർന്ന കാർഷിക മേഖലയെയും വ്യാപാര മേഖലയെയും സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതി നടപ്പിലാക്കണം. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് വൈദ്യുതി ചാർജ്, കെട്ടിട വാടക എന്നിവ ഒഴിവാക്കാൻ സർക്കാർ തയ്യാറാവണം. പൈനാപ്പിൾ, കപ്പ, ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്ന് പറിച്ചു മാറ്റാൻ പോലും കഴിയാത്ത സ്ഥിതിയിൽ ചെറുകിട കർഷകർ ദുരിതത്തിൽ കഴിയുമ്പോൾ അവരെ സഹായിക്കാൻ ഒരു നടപടിയും അധികാരികൾ സ്വീകരിച്ചിട്ടില്ല. വഴിയോര കച്ചവടക്കാർ, ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വാക്‌സിൻ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.