മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്തു
നെടുങ്കണ്ടം: നാടാകെ കൊവിഡ്- 19 മഹാമാരിയെ തുടർന്ന് ദുരിതപൂർണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സഹായഹസ്തവുമായി എസ്.എൻ.ഡി.പി യോഗം 1492-ാം നമ്പർ നെടുങ്കണ്ടം ശാഖയും. സംസ്ഥാന സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് സഹായമായി നെടുങ്കണ്ടം ശാഖ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000 രൂപ സംഭാവന നൽകി. ശാഖാ ആഫീസിൽ നടന്ന ചടങ്ങിൽ എം.എം. മണി എം.എൽ.എ തുക ഏറ്റുവാങ്ങി. കൂടാതെ പിറന്നാൾ സമ്മാനമായി ഗായത്രി രാജീവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ശാഖയ്ക്ക് ഏൽപ്പിച്ച 1,111 രൂപയും മണിക്ക് കൈമാറി. എം. എം. മണി എം. എൽ. എ ശാഖാ ഭാരവാഹികൾക്ക് നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക് ശാഖാ വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ്, സെക്രട്ടറി ടി.ആർ. രാജീവ്, യൂണിയൻ കമ്മിറ്റി അംഗം പി.കെ. ഷാജി എന്നിവർ നേതൃത്വം നൽകി. ശാഖാ ഭരണസമിതി അംഗങ്ങളും പോഷക സംഘടനാ നേതാക്കന്മാരും ചടങ്ങിൽ പങ്കെടുത്തു. ശാഖയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ചികിത്സാ ധനസഹായമായി 15,000 രൂപയും കൊവിഡ് ബാധിച്ച 25 കുടുംബങ്ങൾക്ക് 2,000 രൂപ വീതം ധനസഹായവും നൽകി. കൂടാതെ ജോലിയില്ലാതെ കഷ്ടതയനുഭവിക്കുന്ന 40 കുടുംബങ്ങൾക്ക് പലവ്യഞ്ജനവും പച്ചക്കറിയുമടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. ബുദ്ധിമുട്ടനുഭവിക്കുന്ന സമൂഹത്തിന് സഹായം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മഹത്തായ കർമ്മം ചെയ്യാൻ സഹായം ചെയ്ത കുടുംബങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ശാഖ പ്രവർത്തകർക്കും നെടുങ്കണ്ടം ശാഖ നന്ദി അറിയിച്ചു.