ചെറുതോണി: കഞ്ഞിക്കുഴി അമ്പലക്കവല- മൈലപ്പുഴ റോഡ് നന്നാക്കാത്തതിനാൽ വാഹന കാൽനട യാത്ര ബുദ്ധിമുട്ടിലായി. റോഡിനോട് അധിക്യതർ കാണിക്കുന്ന അവഗണനയിൽ പ്രദേശവാസികളും പ്രതിക്ഷേധത്താലാണ്. നിർദ്ദിഷ്ട രാമക്കൽമേട്- വണ്ണപ്പുറം സംസ്ഥാന പാതയുടെ ഭാഗമായ ഈ റോഡിനോട് അധികൃതരുടെ അനാസ്ഥയാണ് ദുരവസ്ഥയ്ക്ക് പ്രധാന കാരണം. 2018ൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച രാമക്കൽമേട്- വണ്ണപ്പുറം റോഡിന്റെ ഭാഗമായ കഞ്ഞിക്കുഴി, അമ്പലക്കവല മൈലപ്പുഴ റോഡ് നൂറ് കണക്കിന് കുടുബങ്ങളുടെ ഏക സഞ്ചാരമാർഗ്ഗമാണ്. മക്കുവള്ളി, മനയത്തടം, കൈതപ്പാറ നിവാസികൾക്ക് പഴയരിക്കണ്ടത്ത് പോകാതെ എളുപ്പത്തിൽ കഞ്ഞിക്കുഴിയിൽ എത്തിച്ചേരാൻ പറ്റുന്ന റോഡ് കൂടിയാണ്. ആറുമീറ്ററോളം വിതിയിൽ റോഡിന് സ്ഥലം ഏറ്റ് എടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നര വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് കഞ്ഞിക്കുഴി പഞ്ചായത്തിന് നോട്ടിസ് നൽകിയിരുന്നുവെങ്കിലും പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നൽകാത്തതാണ് റോഡിന്റെ നിർമ്മാണം തടസപ്പെടാൻ പ്രധാന കാരണമെന്ന് പറയപ്പെടുന്നു. രാമക്കൽമേട്, വണ്ണപ്പുറം റോഡ് യാഥാർത്യമായാൽ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ടൂറിസം മേഖലക്ക് വൻ കുതിപ്പിന് വഴിയൊരുക്കും. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപണികൾ നടത്തി റോഡ് സഞ്ചരയോഗ്യമാക്കണമെന്ന് പ്രദേശവാസികളാവശ്യപ്പെടുന്നു.