കാഞ്ഞാർ: ദൃശ്യം 2ന്റെ ലൊക്കേഷനായിരുന്ന കാഞ്ഞാർ കൈപ്പ കവല ഇപ്പോൾ കണ്ടാൽ ആരും മൂക്കത്തു വിരൽ വെച്ചു പോകും. അഭ്രപാളിയിൽ ദൃശ്യവിരുന്ന് ഒരുക്കിയ ഗ്രാമഭംഗി ഷൂട്ടിങിന് ശേഷം നശിപ്പിച്ചതായി വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. ഏതാണ്ട് 200 ഓളം ചിത്രങ്ങൾക്ക് ദൃശ്യഭംഗി നൽകിയ മേഖലയാണിവിടം.മലയാളത്തിനു പുറമെ അന്യഭാഷാചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അവസാനമായി കൈപ്പ കവലയിൽ ചിത്രീകരിച്ചത് ദൃശ്യം 2ന്റെ തെലുങ്ക് പതിപ്പാണ്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനു ശേഷമാണ് വേണ്ട വിധം സെറ്റ് പൊളിച്ച് നീക്കാത്തതിനാൽ ഇവിടം അലങ്കോലമായി കിടക്കുന്നത്. എംവി ഐപി യുടെ സ്ഥലത്താണ് കൂടുതലും ചിത്രീകരണം നടന്നത്.പഞ്ചായത്ത് വക സ്ഥലവും ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പ് അധികൃതരുമായി സിനിമാ പ്രവർത്തകർ ഉണ്ടാക്കിയ കരാർ പ്രകാരം പ്രദേശം പൂർവ സ്ഥിതിയിലാക്കി മടക്കി നൽകും എന്ന വ്യവസ്ഥയുണ്ട്. എന്നാൽ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിനു ശേഷം പ്രദേശം ആകെ അലങ്കോലമായി കിടക്കുകയാണ്. പഞ്ചായത്ത് പ്ലാസ്ററിക് കുപ്പികൾ ശേഖരിക്കാൻ സ്ഥാപിച്ച ഇരുമ്പ് കൂട് ചിത്രീകരണത്തിനായി ഇവിടെ നിന്നും മാറ്റി. എന്നാൽ ചിത്രീകരണം കഴിഞ്ഞ ശേഷവും ഇത് പുനസ്ഥാപിച്ചിട്ടില്ല. ചിത്രീകരണത്തിനു ശേഷം സെറ്റ് പൊളിക്കാൻ സ്വകാര്യ കമ്പനികളെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ സെറ്റിന്റെ പ്രധാന ഭാഗങ്ങൾ മാത്രം പൊളിച്ചു നീക്കുകയും അവശിഷ്ടങ്ങൾ പ്രദേശത്ത് ഉപേക്ഷിച്ച നിലയിലുമാണ്. സിനിമാ ആസ്വാദകരുടെ മുഴുവൻ മനം കവർന്ന വിവിധ സിനിമകളുടെ ദൃശ്യഭംഗി ഒരുക്കിയ കൈപ്പ കവലയിൽ സിനിമാ ചിത്രീകരണ അവിശിഷ്ടങ്ങളാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.