പുറംലോകവുമായി ബന്ധമില്ലാത്ത പാളപ്പെട്ടി കോളനിയിലും രോഗം

മറയൂർ: ദേവികുളം താലൂക്കിലെ ആദിവാസി മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മാങ്കുളം കുറത്തി കുടിയിൽ ഒരു മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടിയിലുള്ള 340 വീട്ടുകാർ നിനിൽ കഴിയുകയാണ്. പടിക്കപ്പ് കുടി, ചിന്നപ്പാറ കുടി, ചൂരക്കെട്ടൻ കുടി, മച്ചിപ്ലാവ് കുടി എന്നിവടങ്ങളിലും കൊവിഡ് വ്യാപിച്ചിട്ടുണ്ട്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പുറം ലോകവുമായി അധികം ബന്ധമില്ലാതെ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന പാളപ്പെട്ടി വനവാസി കോളനിയിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച് ഇവിടെയുള്ള യുവതി ആശുപത്രിയിൽ എത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിരവധി പേർക്ക് പനിയുള്ളതായി വിവരം പുറത്ത് വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കോളനിയിലെ 48 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. സി.എഫ്.എൽ.ടി.സി സെന്ററിലേക്ക് മാറാൻ നിർദ്ദേശിച്ചെങ്കിലും ഇവർ കാടിനുള്ളിൽ നിന്ന് പുറത്തേക്ക് വരാൻ തയ്യാറായില്ല. ഒരു മണിക്കൂറിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരും ബോധവത്കരണത്തിന് ശ്രമിച്ചെങ്കിലും സ്ത്രീകൾ ഉൾപ്പെടയുള്ളവർ പുറത്തേക്ക് വരാൻ തയ്യാറാകാത്തതിനെ തുടർന്ന് അവശ്യമരുന്നുകൾ നൽകി മടങ്ങി. പൊതുഗതാഗത മാർഗമുള്ള പ്രദേശത്ത് നിന്ന് നാല് കിലോമീറ്റർ ദൂരം ജീപ്പിൽ വണ്ണാന്തുറ വരെ എത്തിയ ശേഷം നാല് കിലോമീറ്റർ വന്യമൃഗങ്ങളുള്ള കാടിനുള്ളിലുടെ നടന്ന് വേണം പാളപ്പെട്ടിയിൽ എത്തിചേരാൻ. ഓക്സിജൻ അളവ് കുറഞ്ഞ് ആശുപത്രിയിലേക്ക് എത്തിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഇവരെ പുറത്ത് എത്തിക്കുന്നത് പ്രയാസകരമായിരിക്കും. മുൻകാലങ്ങളിൽ തന്നെ രോഗികളെ പുറത്തേക്ക് കൊണ്ടുവരേണ്ടി വരുമ്പോൾ കാട്ടുകമ്പുകളും തുണികളും ഉപയോഗിച്ച് മഞ്ചൽ കെട്ടിയാണ് ദുർഘട പാതയിലൂടെ യുവാക്കൾ മാറിമാറി ചുമന്നാണ് പുറത്ത് എത്തിക്കുന്നത്. ഇതിന് പുറമേ നാട്ടുകാരുടെ ആവശ്യപ്രകാരം കർശ്ശനാട് ഗ്രാമത്തിലും പരിശോധന നടത്തിയപ്പോൾ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.


എക്‌സൈസ് കിറ്റ് നൽകും
കുറത്തികുടിയിലെ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന 340 വീടുകളിലും ദേവികുളം ജനമൈത്രി എക്സൈസിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റ് എത്തിക്കും. പൈനാപ്പിൾ, ഈന്തപഴം, ബിസ്‌ക്കറ്റ്, പച്ചക്കറി എന്നിവ അടങ്ങിയ കിറ്റാണ് നൽകുന്നത്. ഇന്ന് രാവിലെ 7.30 ന് തൊടുപുഴ എക്സൈസ് ഡിവിഷൻ ആഫീസിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ വാഹനങ്ങൾ പുറപ്പെടും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പ്രദീപ് ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കും. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയും ജിനദേവൻ സ്മാരക ട്രസ്റ്റുമാണ് ഭക്ഷ്യ വസ്തുക്കൾ സ്പോൺസർ ചെയ്തിട്ടുള്ളത്.