മറയൂർ: കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസിറ്റീവ് ആണെന്ന വിവരം അറിയിച്ചതിനെ തുടർന്ന് ആശാപ്രവർത്തകയ്ക്കും കാന്തല്ലൂരിലെ ആരോഗ്യപ്രവർത്തകർക്കും ഭീക്ഷണിയും അസഭ്യവർഷവും. കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മയുടെ മകനാണ് ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്. ഈ വീട്ടമ്മയ്ക്ക് മുമ്പും കൊവിഡ് വന്നിരുന്നു. ഒരു തവണ കൊവിഡ് വന്ന് ഭേദമായാൽ പിന്നീട് വരില്ലെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ടെസ്റ്റ് വ്യാജമാണെന്ന് ആരോപിച്ച് യുവാവ് ആരോഗ്യപ്രവർത്തകരെ അസഭ്യം പറഞ്ഞത്. തുടർന്ന് മറയൂർ പൊലീസിൽ ജെ.എച്ച്‌.ഐ അരുൺ കുമാർ പരാതി നൽകി. കാന്തല്ലൂർ പഞ്ചായത്തിലെ കർശനാട് ഭാഗത്ത് നിരവധി പേർക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവിടെ ആരോഗ്യപ്രവർത്തകർ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഈ ഗ്രാമത്തിലെ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവരെ വിവരം അറിയിക്കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. വീടുകളിൽ മതിയായ സൗകര്യം ഇല്ലാത്തവരെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് ഈ സംഭവം.