vattavada
വട്ടവടയിൽ കൊവിഡ് കെയർ സെന്ററാക്കിയ സേവാഭാരതി കെട്ടിടം

വട്ടവട: വട്ടവട പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരീക്ഷണ സംവിധാനം ഒരുക്കുന്നതിന് സേവാഭാരതിയുടെ വട്ടവടയിലുള്ള മൂന്നു നിലകളുള്ള സാമൂഹ്യ കേന്ദ്രം പൂർണ സജ്ജമാക്കി സർക്കാരിന് വിട്ട് നൽകി. നാല്പതോളം കിടക്കകൾ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ഇപ്പോൾ ഇരുപതോളം പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. കളക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് കെട്ടിടം വിട്ടു നൽകിയത്. നിരീക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പിനായി സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് മുപ്പതോളം സേവാഭാരതി പ്രവർത്തകരും പ്രവർത്തിക്കുന്നു. സേവാഭാരതി വട്ടവട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.കെ. ശിവ, സെക്രട്ടറി എസ്.കെ. വെങ്കിടേഷ്, കാർത്തിക്, അൻപഴകൻ, ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് ആർ. അയ്യപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ കേന്ദ്രത്തിന് വേണ്ട സഹായങ്ങൾ ചെയ്ത് വരുന്നത്.