തൊടുപുഴ: കൊവിഡ് പ്രതിരോധ ബോധവത്കരണത്തിന് വേഗം പകരാൻ ചെയിൻ കോൾ പദ്ധതിയുമായി കുടുംബശ്രീ. വീടുകളിൽ രോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കുടുംബങ്ങളിൽ കൊവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും രോഗികളുള്ള വീടുകളിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. രോഗം ബാധിച്ച് വീടുകളിലടക്കം കഴിയുന്നവർക്ക് ഫോൺ വിളിച്ച് ആത്മവിശ്വാസം നൽകി രോഗബാധിതരുടെ ആശങ്ക ഒഴിവാക്കുകയാണ് ഉദ്ദേശ്യം. ഇതിനായി കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ റിസോഴ്‌സ് പേഴ്‌സൺമാരായി തിരഞ്ഞെടുത്ത് പരിശീലനം നൽകിയിട്ടുണ്ട്. ഒരു സി.ഡി.എസിന് രണ്ട് റിസോഴ്‌സ് പേഴ്‌സൺ വീതമുണ്ടാകും. ഓരോ പഞ്ചായത്തിലും ഇതിന് സന്നദ്ധതയും കഴിവുമുള്ളവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
വാർഡുകളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കും.
ഇവർ സി.ഡി.എസ് ചെയർപേഴ്‌സൺമാർ വഴി സന്ദേശങ്ങൾ അയൽക്കൂട്ട ഭാരവാഹികളിലൂടെ എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കും. ആദ്യ ദിവസം റിസോഴ്‌സ് പ്രവർത്തകർ അംഗങ്ങളുടെ സുഖവിവരങ്ങളും മറ്റ് വിശേഷങ്ങളും തിരക്കും. മൂന്നു ദിവസം കഴിഞ്ഞ് ഇവരുടെ ആവശ്യങ്ങൾ തിരക്കുകയും അടുത്ത ദിവസങ്ങളിൽ വേണ്ട നിർദേശങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ് അവ പരിഹരിക്കുകയും ചെയ്യും. ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. പദ്ധതി ഫലപ്രദമായി നടക്കുന്നുണ്ടോ എന്നും ഇവ പ്രയോജനം ചെയ്യുന്നുണ്ടോ എന്നും ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും യോഗം ചേർന്ന് വിലയിരുത്തും. കൊവിഡ് രോഗികൾ കൂടിയ പഞ്ചായത്തുകളിലും വാർഡുകളിലും പ്രത്യേക കരുതലുണ്ടാകും. പഞ്ചായത്തിന്റെ സംവിധാനങ്ങളായ റാപിഡ് റെസ്‌പോൺസ് ടീം, ജാഗ്രതാ സമിതി തുടങ്ങിയവയുടെ പിന്തുണാ സംവിധാനമായിട്ടാണ് കുടുംബശ്രീയുടെ പ്രവർത്തനം. ബോധവത്കരണ ക്ലാസുകൾക്ക് പുറമേ റിസോഴ്‌സ് പേഴ്‌സൺമാർ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർക്ക് ആത്മവിശ്വാസം, മനോധൈര്യം എന്നിവ വർദ്ധിപ്പിക്കുന്നതിനും പ്രത്യേക ഓൺലൈൻ ക്ലാസുകൾ നൽകിവരികയാണ്. സംസ്ഥാന തലത്തിൽ യുട്യൂബ് വഴിയാണ് പരിശീലനം നൽകുന്നത്. ജില്ലയിലും പരിശീലനം പുരോഗമിക്കുകയാണ്.
എല്ലാ അയൽക്കൂട്ടങ്ങളിലും മൂന്ന് പേരടങ്ങുന്ന കുടുംബശ്രീ റെസ്പോൺസ് ടീം വഴി സ്വയം സജ്ജരാകാനും പദ്ധതി വഴി സാധിക്കും. തന്റെ വീട്ടിലോ അയൽവീടുകളിലോ ആർക്കെങ്കിലും കൊവിഡ് വന്നാൽ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് ഇവർക്ക് ബോധ്യമുണ്ടാകും.
-ആർ. ബിനു (കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ- ഓർഡിനേറ്റർ)