തൊടുപുഴ: കൊവിഡാനന്തര ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹത്തിന് പകരം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് നൽകിയത് മറ്റൊരു കൊവിഡ് രോഗിയുടെ മൃതദേഹം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കുമളി മാടത്തുപറമ്പിൽ സോമന്റെ (51) മൃതദേഹത്തിന് പകരം മൂന്നാർ ചട്ട മൂന്നാർ ന്യൂഡിവിഷൻ സ്വദേശിയായ പച്ചയപ്പന്റെ (56) മൃതദേഹമാണ് വിട്ടുനൽകിയത്.
സോമൻ നേരത്തെ കൊവിഡ് ബാധിതനായിരുന്നതിനാൽ മോർച്ചറി അധികൃതരും ആംബുലൻസ് ഡ്രൈവറും ചേർന്നാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്. കുമളിയിലെത്തി ആംബുലൻസിൽ നിന്ന് ഇറക്കിയപ്പോഴാണ് പച്ചയപ്പന്റെ വിലാസം എഴുതിയ സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഉടൻ തന്നെ സോമന്റെ മൃതദേഹം മറ്റൊരു ആംബുലൻസിൽ കുമളിയിലേക്ക് അയച്ചു. വൈകിട്ട് നാല് മണിയോടെ കുമളിയിലെത്തിച്ച സോമന്റെ മൃതദേഹം മുരുക്കടി എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിച്ചു. കുമളിയിൽ നിന്ന് പച്ചയപ്പന്റെ മൃതദേഹം തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകി.
എസ്.എൻ.ഡി.പി യോഗം കുമളി ശാഖാ മാനേജിംഗ്കമ്മിറ്റി അംഗമാണ് സോമൻ. സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ആവശ്യപ്പെട്ടു.