മൂലമറ്റം: കാഞ്ഞാർ എസ് ഐ നസീർ തന്റെ സ്കൂട്ടറിൻ്റെ താക്കോൽ ഷാനിക്ക് നേരെ നീട്ടിയപ്പോൾ ആദ്യം ഷാനി ഒന്ന് അമ്പരന്നു. പിന്നീട് അത് സന്തോഷമായി. അറക്കുളം അശോക കവല ആഡിറ്റ് റോഡിന് സമീപം താമസിക്കുന്ന വെട്ടുകാട്ടിൽ ഷാനി ജോബിനാണ് പൊലീസിന്റെ സഹായം മൂലം ഡ്യൂട്ടിമുടങ്ങാതിരുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ഷാനി എന്നും ഭർത്താവുമൊത്താണ് ജോലിക്ക് പോയിരുന്നത്.കഴിഞ്ഞ വ്യാഴാഴ്ച്ച ഭർത്താവ് അൽപം നേരത്തെ പോയതിനാൽ വീട്ടിലുള്ള സ്കൂട്ടറുമെടുത്താണ് കുടയത്തൂർ പി എച്ച് .സിയിലേക്ക് ഷാനി ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയത്. ലോക് ഡൗൺ ആയതിനാൽ സ്കൂട്ടർ വല്ലപ്പോഴും മാത്രമേ എടുത്തിരുന്നുള്ളൂ. അശോക കവല എത്തുന്നതിനു മുമ്പ് സ്കൂട്ടറിൻ്റെ നിയന്ത്രണം പല തവണ നഷ്ടപ്പെടുന്നതു പോലെ ഷാനിക്ക് തോന്നിയിരുന്നു.റോഡിൽ അറക്കുളം അശോക കവലയിൽ പൊലീസ് പരിശോധന ഉണ്ടായിരുന്നു. പൊലീസിന്റെ അടുത്തേക്ക് വന്ന സ്കൂട്ടർ പലതവണ റോഡിൽ പാളി. സ്കൂട്ടറിന് എന്താണ് തകരാർ എന്ന് പൊലീസ് ചോദിച്ചപ്പോഴും എന്താണ് സംഭവം എന്ന് ഷാനിക്ക് മനസിലായില്ല. പൊലീസിന്റെ പരിശോധനയിലാണ് സ്കൂട്ടറിന്റെ മുൻ ടയർ പഞ്ചറായതാണെന്ന് മനസിലായത്.ഇതോടെ ഡ്യൂട്ടിക്ക് എങ്ങനെ പോകും എന്ന ആശങ്കയിലായി ഷാനി. ഷാനിയുടെ പരിഭ്രമം മനസിലായ കാഞ്ഞാർ എസ് ഐ നസീർ തന്റെ ഡിയോ സ്കൂട്ടറിന്റെ താക്കോൽ ഷാനിക്ക് നൽകി. പിന്നീട് ഷാനി എസ് ഐ യുടെ സ്കൂട്ടറിലാണ് യാത്ര തുടർന്നത്.ഉച്ചതിരിഞ്ഞ് ഡ്യൂട്ടി കഴിഞ്ഞ് ഷാനി സ്കൂട്ടർ എസ് ഐ യുടെ അടുത്ത് തിരികെ ഏൽപ്പിച്ചു. സഹായവുമായി എത്തിയ എസ് ഐ നസീർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ അഫ്സൽ, നിഷാദ്, ജോബി എന്നിവരെ ഏറെ നന്ദിയോടെയാണ് ഷാനി ഓർക്കുന്നത്.