ഇടുക്കി: ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണിനോടനുബന്ധിച്ച് മൂന്നാഴ്ച്ച നടത്തിയ കർശന നിയന്ത്രണങ്ങളിലും പരിശോധനകളിലും പ്രോട്ടോകോൾ ലംഘനങ്ങൾ കണ്ടെത്തി 2773 കേസുകൾ രജിസ്റ്റർ ചെയ്തു. 104 പേർക്കെതിരെ ക്വാറന്റയ്ൻ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16301 പെറ്റി കേസുകളും 41832 ആളുകളെ താക്കീത് ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു. 580 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ നാല് അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും കാനനപാതകളിലും പൊലീസും ഇതര വകുപ്പുകളും ചേർന്ന് സംയുക്ത പരിശോധന നടത്തി വരുന്നു. ലോക്ഡൗൺ അവസാനിക്കുന്നത് വരെ കർശന നിയന്ത്രണങ്ങളും പരിശോധനകളും തുടരും. ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള ക്വാറന്റെയ്ൻ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ പൊലീസ് കൊവിഡ് കൺട്രോൾ റൂം നമ്പർ 9497961905 ൽ വിളിച്ച് അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.