തൊടുപുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ കൂടുതൽ ഓക്‌സിജൻ കിടക്കകൾ ഏർപ്പെടുത്തുന്നതിനായി പദ്ധതികൾ നടപ്പിലാക്കണമെന്ന് ആസൂത്രണ സമിതിയുടെ നിർദേശം. തദ്ദേശ സ്ഥാപനങ്ങൾക്ക് കൊവിഡ് പ്രതിരോധ പരിപാടികൾ ഏറ്റെടുക്കാം. വാർഷിക പദ്ധതിയിൽ നിർവഹണ സാദ്ധ്യത കുറഞ്ഞവ ഒഴിവാക്കി കൊവിഡ് പ്രതിരോധ പദ്ധതികൾക്ക് മുൻതൂക്കം നൽകണമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ യോഗത്തിൽ നിർദേശിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ ലഭിച്ച 44.95 കോടിയുടെ അമ്പത് ശതമാനം ജലസംരക്ഷണത്തിനും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വിനിയോഗിക്കും. ബാക്കി തുക ശുചിത്വം, മാലിന്യ സംസ്‌ക്കരണത്തിനും ഉപയോഗിക്കും. ജൂൺ അഞ്ച്, ആറ് തിയതികളിൽ ജനകീയ ശുചിത്വ പരിപാടി ജില്ലയിൽ നടത്തും.തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തികൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് യോഗം നിർദേശിച്ചു. ഓരോ വാർഡിലും അഞ്ചു പേർ വീതമുള്ള ചെറു സംഘങ്ങൾ വ്യത്യസ്ത പോയിന്റുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശുചീകരണ പ്രവർത്തികൾ ഏറ്റെടുക്കണം. വാർഡ് തലത്തിലെ ആരോഗ്യ, പോഷക സമിതികളുടെ നേതൃത്വത്തിൽ കൃത്യമായ ഏകോപനം ഉറപ്പാക്കണം. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം അടുത്ത മാസം അവസാനിക്കാനിരിക്കെ വാർഷിക പദ്ധതിയുടെ ഗുണപരമായ നിർവഹണം ഉറപ്പാക്കാനും യോഗം നിർദേശിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ.സാബു വർഗീസ്, ജില്ലാ തല ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

'അടിമാലി, പീരുമേട് താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയിട്ടുണ്ട്.അടിമാലിയിൽ 68 ലക്ഷവും പീരുമേട്ടിൽ 40 ലക്ഷവും മുടക്കിയാണ് പ്ലാന്റുകൾ സ്ഥാപിക്കുക. 68 ലക്ഷത്തിൽ 50 ലക്ഷം ജില്ലാ പഞ്ചായത്തും 18 ലക്ഷം ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് വിനിയോഗിക്കുക. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിലവിലുള്ള ഒക്‌സിജൻ പ്ലാന്റ് കൂടാതെ ഒരു കോടി രൂപയുടെ മറ്റൊരു പദ്ധതിയും ഇടുക്കി മെഡിക്കൽ കോളേജിൽ ഒക്‌സിജൻ പ്ലാന്റിന് മറ്റൊരു പദ്ധതിയും സംസ്ഥാന സർക്കാർ നേരിട്ട് ഫണ്ട് അനുവദിച്ചിട്ടുണ്ട് '

ജിജി കെ.ഫിലിപ്പ്,

പ്രസിഡന്റ്,

ജില്ലാ പഞ്ചായത്ത്‌