ചെറുതോണി: ലോക്ക് ഡൗൺ വീണ്ടും നീട്ടിയതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെറുതോണി പാലത്തിന്റെ നിർമ്മാണമടക്കം നിലച്ചു. മെറ്റൽ, മണൽ മറ്റു നിർമ്മാണോപകരണങ്ങളൊന്നും കിട്ടാത്തതും കൂടുതൽ പ്രതിസന്ധിയിലായി. കെട്ടിട- റോഡ് നിർമാണങ്ങളൊന്നും നടക്കുന്നില്ല.
പല നിർമ്മാണങ്ങളും പാതിവഴിയിൽ നിറുത്തിവെച്ചിരിക്കുകയാണ്. കരാറെടുത്ത പല നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങാനും കഴിയുന്നില്ല. ഇടുക്കി മെഡിക്കൽ കോളേജ്, ചെറുതോണിപ്പാലം എന്നിവയുടെയെല്ലാം നിർമ്മാണം നിറുത്തിവെച്ചിരിക്കുകയാണ്. ഇവിടെയെല്ലാം അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു ജോലിചെയ്തിരുന്നത്. ഇവരെല്ലാം നാട്ടിൽപോകുകയും ചെയ്തു. ചെറുതോണി പാലം അടുത്തവർഷം നിർമ്മാണം പൂർത്തിയാക്കേണ്ടതാണ്. ഇപ്പോൾ അടിത്തറ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ തമിഴ്‌നാട്ടുകാരായ തൊഴിലാളികളായിരുന്നു പണിചെയ്തിരുന്നത്. ഇവരും ജോലിനിറുത്തി നാട്ടിൽ പോയിരിക്കുകയാണ്. പാലത്തിന്റെ ആദ്യപ്ലാൻ മാറ്റിയതു സംബന്ധിച്ചുള്ള തർക്കവും നിർമ്മാണത്തെ ബാധിച്ചിരുന്നു. തർക്കം പരിഹരിച്ചപ്പോൾ ലോക്ക് ഡൗണുമായി. അതിനാൽ ലോക്ക് ഡൗൺ സമയത്തും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് തൊഴിലാളികളും കരാറുകാരുമാവശ്യപ്പെടുന്നു.
പട്ടിണിയിലായത് തൊഴിലാളികൾ
നിർമാണമേഖല പൂർണമായും സ്തംഭിച്ചതോടെ കൂലിപ്പണി മാത്രം ചെയ്ത് ഉപജീവനം നടത്തിയിരുന്നവരാണ് പട്ടിണിയിലായത്. കയറ്റിറക്കുതൊഴിലാളികൾ, കടകളിൽ ജോലി ചെയ്യുന്നവർ, കൃഷിപ്പണിക്കാർ തുടങ്ങി ആയിരക്കണക്കിനു തൊഴിലാളികളാണ് കഷ്ടത്തിലായത്. ഇവർ വാടക വീടുകളിലും അഞ്ചു സെന്റ് കോളനികളിലും താമസിച്ചിരുന്നതിനാൽ മുഴുവൻ സാധനങ്ങളും പണം കൊടുത്തുവാങ്ങണം. ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങേണ്ട തൊഴിലാളികളിൽ ഭൂരിഭാഗവും വലിയ ബുദ്ധിമുട്ടിലാണ്. സർക്കാർ കിറ്റും റേഷനരിയും കൊണ്ടാണ് പലരും ജീവൻ പിടിച്ചുനിറുത്തുന്നത്. ഇതിനിടെ ചില രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും നൽകുന്ന കിറ്റും ആശ്വാസമാണ്. നാളെ മുതൽ ഇളവു ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. ജൂൺ ഒമ്പതുവരെ ലോക്ക് ഡൗൺ വീണ്ടും നീട്ടിയതോടെെ തൊഴിലാളികൾ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.