ഇടുക്കി: ആരോഗ്യ പ്രവർത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദൽ ഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കൊവിഡ് പ്രതിരോധകാലവർഷ മുന്നൊരുക്കംഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.
. കൊവിഡിന്റെ മൂന്നാം തരംഗം മുന്നിൽ കണ്ട് വേണം നാം പ്രവർത്തിക്കാൻ. എംഎൽഎ മാരുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം അവലോകനം ചെയ്യണം. കൂടാതെ ആയുർവേദ ഹോമിയോ വകുപ്പുകളുടെ പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആരംഭിക്കുമ്പോൾ നെറ് റ്വർക്കും വൈദ്യുതിയും ഉറപ്പ് വരുത്തണം
അവശവിഭാഗങ്ങളുടെ ഡയാലിസിസിനുള്ള ധനസഹായമായി ജില്ലാ പഞ്ചായത്ത് നീക്കി വെച്ചിട്ടുള്ള ഒന്നര കോടി രൂപ ആരോഗ്യ വകുപ്പ് ഉടൻ ഏറ്റെടുത്ത് അർഹരായവർക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം മണ്ണിടിച്ചിലോ മരം മറിഞ്ഞോ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ള എല്ലാ റോഡിനും അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സമാന്തര റോഡ് കണ്ടുവെയ്ക്കണമെന്നും മന്ത്രി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.
പൊതുജന സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലിലും കച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് വാക്‌സിനേഷന് മുൻഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം പി യോഗത്തിൽ ആവശ്യപ്പെട്ടു.
ഏത് അത്യാഹിത ഘട്ടങ്ങളേയും നേരിടാൻ കൂടുതൽ ഏകോപനത്തോടെ ഏല്ലാവരും മുന്നിട്ടറിങ്ങണമെന്ന് എം എം മണി എം എൽ എ നിർദ്ദേശിച്ചു. മലഞ്ചരക്കു കടകളും കാർഷിക ആവശ്യങ്ങൾക്കുള്ള വളം, കീടനാശിനി കടകളും ഊഴമനുസരിച്ച് ആഴ്ചയിലൊരിക്കലെങ്കിലും തുറന്നു പ്രവർത്തിക്കാനുള്ള സംവിധാനമുണ്ടാക്കി ജനങ്ങളുടെ ദുരിതം ലഘൂകരിക്കണമെന്നും എം എൽ എ ഓർമ്മിപ്പിച്ചു.
മരുന്നും ജീവനക്കാരും ഉണ്ടെങ്കിൽ കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിനേഷൻ നൽകാൻ ജില്ലാ പഞ്ചായത്ത് വാഹനം അനുവദിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് യോഗത്തെ അറിയിച്ചു. 41 മുഗണനാ വിഭാഗങ്ങളിൽ നിന്നായി ജില്ലയിൽ 11427 പേരെ കണ്ടെത്തിയെങ്കിലും മുഴുവൻ ആളുകളും വാക്‌സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുഗണനാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മുഴുവൻ വാക്‌സീൻ നൽകാനുള്ള മരുന്ന് ജില്ലയിൽ സ്റ്റോക്കുണ്ടെന്നും ജില്ലാ കലക്ടർ എച്ച ദിനേശൻ യോഗത്തെ അറിയിച്ചു. എ രാജ എം എൽ എ. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ, ദേശീയ പാത, പൊതുമരാമത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ സംബന്ധിച്ചു.