തൊടുപുഴ: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച കനാൽ റോഡുകൾ ഗതാഗതയോഗ്യമാക്കി മാറ്റാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കാലപ്പഴക്കത്താൽ റോഡുകളെല്ലാം തന്നെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. മുട്ടം, ഇടവെട്ടി, മണക്കാട്, കരിങ്കുന്നം, കുമാരമംഗലം എന്നീ പഞ്ചായത്തുകളിലൂടെയും തൊടുപുഴ നഗരസഭയിലൂടെയും കടന്നുപോകുന്ന കനാൽ റോഡുകൾ ആയിരക്കണക്കിന് ജനങ്ങൾ യാത്രാ സൗകര്യത്തിനായി ഉപയോഗിച്ചു വരുന്നതാണ്. ഏതാണ്ട് 40 വർഷത്തിനു മുമ്പ് പദ്ധതിയുടെ പണി ആരംഭിച്ച കാലഘട്ടം മുതൽ ഈ മേഖലയിലെ ജനങ്ങൾ ഉപയോഗിച്ച് വരുന്ന കനാൽ റോഡുകൾ അധികൃതരുടെയും കാലാകാലങ്ങളായുള്ള ജനപ്രതിനിധികളുടെയും അവഗണന മൂലം ശോച്യാവസ്ഥയിൽ ആയിരിക്കുകയാണ്. വർഷാവർഷം പ്രൊജ്ടിന് ലഭിക്കുന്ന ആനുവൽ മെയിന്റനൻസ് ഫണ്ട് ജനങ്ങൾക്ക് ഉപകാരമില്ലാത്ത വിധം ദീർഘവീക്ഷണമില്ലാതെ ചെലവഴിക്കുകയുമാണ് പതിവ്. ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന കനാൽ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് നിയോജകമണ്ഡലം കമ്മിറ്റി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുന്നതിനും തീരുമാനിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി,​ അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.