അടിമാലി: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള അടച്ചുപൂട്ടലിൽ നിശ്ചലമായി മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖല. കൊവിഡിന്റെ ഒന്നാംവരവിനും ലോക്ക് ഡൗണിനും ശേഷം മറ്റിടങ്ങളിലെന്ന പോലെ മാങ്കുളത്തും വിനോദ സഞ്ചാരമേഖല പതിയെ കരകയറി വരുമ്പോഴാണ് കൊവിഡിന്റെ രണ്ടാംവരവിനെ തുടർന്ന് വീണ്ടും എല്ലാം അടച്ചുപൂട്ടിയത്. കാടും കാട്ടാറും കാട്ടാനകളുമൊക്കെ ഇവിടെ സജീവമെങ്കിലും സഞ്ചാരികളുടെ വരവ് നിലച്ച് വിജനമാണ് മാങ്കുളം. സഞ്ചാരികൾ ധാരാളമായി എത്തിയിരുന്ന ആനക്കുളം നിശ്ചലമാണ്. ഈ മേഖലയിൽ പ്രവർത്തിച്ച് വന്നിരുന്ന ചെറുകിട ഹോംസ്റ്റേ നടത്തിപ്പുകാരും ട്രക്കിംഗ് ജീപ്പ് ഡ്രൈവർമാരും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ദൈനംദിന ജീവിത ചിലവുകൾ വിനോദസഞ്ചാരമേഖലയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ മുമ്പോട്ട് കൊണ്ടുപോയിരുന്നവരായിരുന്നു മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിച്ച് വന്നിരുന്നവരിൽ ഭൂരിഭാഗവും. മെച്ചപ്പെട്ട വരുമാനം ലഭിക്കേണ്ടിയിരുന്ന മധ്യവേനലവധിക്കാലം കൊവിഡും ലോക്ക് ഡൗണും കവർന്നു. തൊട്ടടുത്തെത്തി നിൽക്കുന്ന മൺസൂൺ ടൂറിസം കൂടി കൊവിഡ് അപഹരിച്ചാൽ പലരും വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങും. നിലവിലെ സ്ഥിതി തുടർന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയും ഈ മേഖലയിലുള്ളവർ പങ്ക് വച്ചു.