കുമളി: കൊവിഡ്- 19 രണ്ടാം വ്യാപനം അതിരൂക്ഷായ സാഹചര്യത്തിൽ പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ആദിവാസി ഊരുകളിലെ 45 വയസിനുമേൽ പ്രായമുള്ളവർക്ക് കൊവിഡ്- 19 വാക്‌സിനേഷന്റെ ആദ്യ ഡോസ് നൽകി. മന്നാക്കുടി, പളിയക്കുടി ട്രൈബൽ കോളനികളിലെ 128 പേർക്കാണ് പെരിയാർ കടുവ സങ്കേതം അധികൃതരും കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് തേക്കടി വനശ്രീ ആഡിറ്റോറിയത്തിൽ വാക്‌സിനേഷൻ നൽകിയത്. 45 വയസിനുമേൽ പ്രായമുള്ള ട്രൈബൽ മേഖലയിലുള്ള എല്ലാവരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി റേഞ്ച് ഫോറസ്റ്റ് ആഫീസർമാരായ അജിത്ത് കുമാർ, അഖിൽ ബാബു എന്നിവർ അറിയിച്ചു. ആദിവാസി മേഖലയെ കൊവിഡ് മുക്തമാക്കുക, വന്യജീവികളിലേക്ക് രോഗവ്യാപനം ഉണ്ടാകുന്നത് തടയുക തുടങ്ങിയ ഉദ്ദേശത്തോടെ ബോധവത്കരണപരിപാടിയും നടത്തി.