fish
പട്ടയംകവലയിലെ മീൻകുളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ വിൽക്കുന്ന മത്സ്യത്തിന്റെ ആദ്യ വില്പന സ്ഥലം ഉടമ മുഹമ്മദ് നിസാർ സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ കൈമാറുന്നു

തൊടുപുഴ: കുട്ട നിറയെ പിടയ്ക്കുന്ന മീനാണ്. രണ്ട് കിലോ 200 രൂപ. വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്. ആവശ്യ സാധനങ്ങൾ വാങ്ങാൻ നിരത്തിലിറങ്ങിയ മുതലക്കോടം നിവാസികൾക്ക് മുന്നിൽ ഡി.വൈ.എഫ്‌.ഐ യൂത്ത് ബ്രിഗേഡിയർ കുപ്പായമണിഞ്ഞ ചെറുപ്പകാരൻ വിളിച്ച് പറയുകയാണ്. തൊടുപുഴ പട്ടയംകവലയിലെ വടക്കേൽ മുഹമ്മദ് നിസാറാണ് തന്റെ ഒന്നരയേക്കർ കുളത്തിൽ കൃഷി ചെയ്ത മീനുകൾ സി.പി. എമ്മിന് കൈമാറിയത്. സുഭിക്ഷ കേരളം പദ്ധതി വഴി ഒരു വർഷം മുമ്പാണ് കുളത്തിൽ മീനുകളെ നിക്ഷേപിച്ചത്. വിറ്റ് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറണം എന്നായിരുന്നു മുഹമ്മദ് നിസാറിന്റെ ആവശ്യം. ഞായറാഴ്ച രാവിലെ ആറു മണിയോടെ തന്നെ പ്രദേശത്തെ സി.പി.എം- ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കുളത്തിൽ ഇറങ്ങി മീനുകളെ ശേഖരിച്ചു. സിലോപ്പി, മൂഴി, വരാൽ ഇനത്തിപ്പെട്ട മീനുകളെയാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയ ആളുകൾ മത്സ്യം വാങ്ങാൻ മന്നോട്ട് വന്നതോടെ നിമിഷ നേരം കൊണ്ട് മീൻ വിറ്റ് തീർന്നു.

26750 രൂപയുടെ മീനാണ് പ്രവർത്തകർ വിറ്റത്. മീൻ കുളത്തിന്റെ ഉടമ മുഹമ്മദ് നിസാർ സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിന് ആദ്യ വില്പന നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.എം. റഷീദ്, കെ.എം. ബാബു, മുതലക്കോടം ലോക്കൽ സെക്രട്ടറി എം.പി. ഷൗക്കത്തലി, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ, പ്രസിഡന്റ് വി.ആർ. പവിരാജ്, ജില്ലാ കമ്മിറ്റിയംഗം പി.എം. ഷമീർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മത്സ്യം വിറ്റത് വഴി ലഭിച്ച മുപ്പത്തിനായിരം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി എം.എൽ.എ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായി പങ്കെടുത്തു.