കുടയത്തൂർ: ട്രാൻസ്ഫോർമറിന്റെ മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച മദ്ധ്യവയസ്കന് ഷോക്കേറ്റു. കുടയത്തൂർ തെങ്ങുംപിള്ളി കവലയ്ക്ക് സമീപം താമസിക്കുന്ന വാഴശ്ശേരിക്കൽ (പുളിയനാനിക്കൽ) ജോസിനാണ് (56) വൈദ്യുതാഘാതമേറ്റത്. ഇന്നലെ രാവിലെ 10.15 നാണ് സംഭവം. ആനക്കയം പുല്ലൂന്നപാറ ജലസേചന പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച ട്രാൻസ്ഫോമറിലാണ് ജോസ് കയറിയത്. ട്രാൻസ്‌ഫോമറിന് ചുറ്റും ഒമ്പത് അടി പൊക്കത്തിൽ ഇരുമ്പ് വേലിയുണ്ട്. കമ്പിയിൽ നിന്ന് ഷോക്കേറ്റ ജോസ് ഉടൻ താഴെ വീണു. അൽപ്പസമയത്തിന് ശേഷം സ്ഥലത്തെത്തിയ ജോസിന്റെ ഭാര്യയാണ് പൊള്ളലേറ്റ് കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ജോസിനെ റോഡിലെത്തിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബു തെങ്ങുംപിള്ളിയുടെ വാഹനത്തിലാണ് ജോസിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ ഇയാളുടെ കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞാർ പൊലീസും വൈദ്യുതി ബോർഡ് അധികൃതരും പരിശോധന നടത്തി. എന്തിനാണ് ഇയാൾ ട്രാൻസ്ഫോർമറിൽ കയറിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് കാഞ്ഞാർ പൊലീസ് പറഞ്ഞു.