തൊടുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദേശിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ശാഖകൾക്ക് സാമ്പത്തിക സഹായവുമായി തൊടുപുഴ യൂണിയൻ. പദ്ധതിയുടെ ഭാഗമായി യൂണിയനിലെ 46 ശാഖകൾക്കും 3000 രൂപ വീതം ധനസഹായം നൽകും. ഈ തുക ശാഖയിലെ കൊവിഡ് ബാധിതരോ രോഗബാധിതരോ മറ്റ് ദുരിതമനുഭവിക്കുന്നവരോ ആയ അംഗങ്ങളെ കണ്ടെത്തി വിതരണം ചെയ്യും. ശാഖകൾ ഗുരുകാരുണ്യം പദ്ധതിയിലേയ്ക്ക് കുറഞ്ഞത് 2000 രൂപയെങ്കിലും തനത് ഫണ്ടിൽ നിന്നോ പ്രാദേശികമായോ ശേഖരിച്ചു നൽകണം. യൂണിയനിൽ നിന്ന് ഇന്ന് മുതൽ ശാഖകൾക്ക് ധനസഹായ വിതരണം നടത്തും. ഇന്ന് രാവിലെ 11 മുതൽ 12.30 വരെയുള്ള സമയത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മേഖല തിരിച്ചാണ് തുക വിതരണം ചെയ്യുന്നത്. തൊടുപുഴ ടൗൺ, കോലാനി,​ ചിറ്റൂർ, അരിക്കുഴ, വെങ്ങല്ലൂർ, കാപ്പ്, കുമാരമംഗലം, കലൂർ ശാഖാ ഈസ്റ്റ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ ഈസ്റ്റ്, കലയന്താനി, പൂമാല, കാഞ്ഞിരമറ്റം ശാഖകൾക്കാണ് ഇന്ന് തുക നൽകുക. സെക്രട്ടറിമാർ കൃത്യസമയം തന്നെ എത്തിചേരണം. മറ്റു മേഖലകൾക്കുള്ള തീയതിയും സമയവും അറിയിക്കുന്നതാണെന്ന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പനും കൺവീനർ വി. ജയേഷും അറിയിച്ചു.