ഇടുക്കി: കണക്കുകൂട്ടൽ തെറ്റിക്കാതെ വിരമിക്കൽ ദിനവും ജീവകാരുണ്യപ്രവർത്തനത്തിനായി മാറ്റിവച്ച് ഏവരുടെയും പ്രിയ കണക്ക് ടീച്ചറായ കോമളം മോഹൻദാസ്. ചുരുളി എസ്.എൻ യു.പി സ്‌കൂളിൽ നിന്ന് 38 വർഷത്തെ അദ്ധ്യാപന ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകളെല്ലാം ഒഴിവാക്കി ടീച്ചർ പി.ടി.എയുടെ പ്രവർത്തനത്തിന് 25,000 രൂപാ കൈമാറി. ഒപ്പം ടീച്ചർ ഏർപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളും കൈമാറി. ഒരേ നാട്ടിൽ ഒരേ സ്‌കൂളിൽ മൂന്ന് തലമുറയുടെ അദ്ധ്യാപികയായി ജോലി ചെയ്യാൻ കഴിഞ്ഞുവെന്ന അപൂർവ്വ സൗഭാഗ്യവുമായാണ് ടീച്ചർ വിരമിക്കുന്നത്. 1983 ലാണ് അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. സർവീസിൽ കയറിയ കാലം മുതൽ കണക്കാണ് കുട്ടികളെ പഠിപ്പിച്ചത്. മാന്നാനം വിമലഗിരി കോളേജിൽ പ്രീഡിഗ്രിക്ക് കണക്കിന് നൂറുശതമാനം മാർക്ക് വാങ്ങിയാണ് ടി.ടി.സിക്ക് ചേർന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ടി.വി സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ടീച്ചർ ടി.വി വാങ്ങി നൽകിയിരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പുതിയതായി വന്ന മുഴുവൻ കുട്ടികളെയും സ്‌കൂൾ ബാഗുമായിട്ടാണ് ടീച്ചർ വരവേറ്റത്. ടീച്ചർ ഏർപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ പൂർവ്വ വിദ്യാർത്ഥിയും വാർഡ് മെമ്പറുമായ സോയിമോൻ സണ്ണിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പി.ടി.എയും മാനേജുമെന്റും പൂർവ്വ വിദ്യാർത്ഥികളും കോമളം ടീച്ചറിന്റെ സ്‌നേഹ ബഹുമാനാർത്ഥം ഏർപ്പെടുത്തിയ പോസ്റ്റൽ സ്റ്റാമ്പിന്റെ പ്രകാശനം ഡീൻ കുര്യാക്കോസ് എം.പി പിന്നീട് നിർവഹിക്കും. സ്‌കൂളിന്റെ പുരോഗതിയും കുട്ടികളുടെ പാഠ്യപാഠ്യേതര വിഷയങ്ങളിൽ ടീച്ചർ നൽകിയ പ്രത്യേക താത്പര്യത്തെ മാനേജ്‌മെന്റും സഹപ്രവർത്തകരും അനുസ്മരിച്ചു. മോഹൻദാസ് ചെമ്പൻകുളം ഭർത്താവാണ്. വീണ, വിഷ്ണു എന്നിവരാണ് മക്കൾ.