മൂന്നാർ: രാജമലയിൽ നിന്ന് ദിവസവും ആറു കിലോമീറ്റർ നടന്നെത്തി ഇരവികുളം നാഷണൽ പാർക്കിനുള്ളിലെ സിമന്റ് ബെഞ്ചുകളിലിരുന്നു പഠിക്കുന്ന പെൺകുട്ടികൾ ഉൾപ്പടെയുള്ള കുട്ടികളുടെ ദുരിതം അവസാനിപ്പിക്കാനായി ജില്ലാ കളക്ടറുടെ ഇടപെടൽ. രാജമലയിലെ റവന്യൂ ഭൂമിയിൽ തന്നെ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി. ഒരാഴ്ചയ്ക്കുള്ളിൽ സ്വകാര്യ ഓപ്പറേറ്ററായ ജിയോ ഇവിടെ ടവർ സ്ഥാപിക്കുമെന്ന് കളക്ടർ അറിയിച്ചു. വട്ടവട സന്ദർശനത്തിന്റെ ഭാഗമായി മൂന്നാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ കളക്ടർ വിഷയത്തിൽ സബ്കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കണ്ണൻ ദേവൻ കമ്പനിക്കു കീഴിലുള്ള രാജമല എസ്റ്റേറ്റ് മേഖലയിൽ ഒരു മൊബൈൽ കമ്പനിയുടേയും സിഗ്നൽ ലഭിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടി ഫോൺ വാങ്ങിയെങ്കിലും ഇത് കാഴ്ച വസ്തുവായതോടെ കുട്ടികൾ റേഞ്ച് തേടി ഇറങ്ങുകയായിരുന്നു.ഈ യാത്ര അവസാനിച്ചത് ഇരവികുളം ദേശീയോദ്യാനത്തിന് സമീപത്തെ ഒരു പാറയുടെ സമീപവും. മഴയും കോടമഞ്ഞും ശക്തമായ തണുപ്പും സഹിച്ച് കുടചൂടിയിരുന്നാണ് ദിവസവും പഠനം. കണ്ണൻ ദേവൻ കമ്പനിക്കുകീഴിലുള്ള മറ്റു സ്ഥലങ്ങളിൽ കൂടി റേഞ്ച് ഉറപ്പാക്കാൻ സംവിധാനമൊരുക്കാൻ കമ്പനിക്ക് ജൂൺ അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.