തൊടുപുഴ: കൊവിഡ് പരിശോധനയുടെ പേരിൽ മുട്ടം പൊലീസ് മണിക്കൂറോളം വാഹനങ്ങൾ റോഡിൽ തടഞ്ഞിട്ടത്തിൽ വ്യാപക പ്രതിഷേധം.ഇന്നലെ രാവിലെ 10.15 മുതൽ ഉച്ചക്ക് 12.15 വരെയാണ് മുട്ടം ടൗണിൽ വാഹന പരിശോധന നടത്തിയത്.ഈ സമയം മൂലമറ്റം, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ ഭാഗത്ത്‌ നിന്ന് മുട്ടം ടൗൺ വഴി കടന്ന് വന്ന മുഴുവൻ വാഹനങ്ങളും സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു.കൊവിഡിന്റെ ഭാഗമായിട്ടുള്ള സത്യവാങ്ങ് ഉൾപ്പടെയുള്ള രേഖകൾ കാണിച്ചെങ്കിലും വാഹനങ്ങൾ കടന്ന് പോകാൻ അനുവദിച്ചില്ല എന്ന് പറയുന്നു.ഇതേ തുടർന്ന് മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,മൂലമറ്റം റൂട്ടിൽ കടുതോടിൽ സൂപ്പർ മാർക്കറ്റ്,തൊടുപുഴ റൂട്ടിൽ ടെലഫോൺ എക്സേഞ്ച് വരേയും വാഹനങ്ങൾ ഏറെ സമയം റോഡിൽ കുടുങ്ങി.റോഡിൽ കുടുങ്ങിയ ചില വാഹനങ്ങളിലെ ഡ്രൈവർമാർ പൊലീസ് നടപടി ചോദ്യം ചെയ്തത് വാക്കേറ്റങ്ങൾക്ക് കാരണമായി.ഇരു ചക്ര വാഹനങ്ങളിൽ എത്തിയ വനിതകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാർ പൊള്ളുന്ന വെയിലത്താണ് ഏറെ സമയം റോഡിൽ കാത്ത് കിടന്നത്.കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു.എന്നാൽ ജില്ലയിൽ മറ്റ് ഒരിടത്തും ഇത്തരത്തിൽ വാഹനങ്ങൾ മണിക്കൂറോളം നേരം റോഡിൽ തടഞ്ഞിട്ട സംഭവം ഉണ്ടായില്ല.

പ്രതിഷേധിച്ചു.......

മുട്ടം: കൊവിഡ് പരിശോധനയുടെ പേരിൽ മുട്ടം പൊലീസ് മണിക്കൂറോളം നേരം വാഹനങ്ങൾ റോഡിൽ തടഞ്ഞിട്ട സംഭവത്തിൽ മുട്ടം മർച്ചന്റ് അസോസിയേഷൻ പ്രതിഷേധിച്ചു.കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഏറെ നാളുകൾക്ക്‌ ശേഷമാണ് മുട്ടത്തെ ചില വ്യാപാര സ്ഥാപനങ്ങൾ ഇന്നലെ തുറന്ന് പ്രവർത്തിച്ചത്.ഇതേ തുടർന്ന് വിവിധ സാധന സാമഗ്രികൾ വാങ്ങാൻ എത്തിയ ജനത്തിന് പൊലീസ് നടപടിയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്താൻ കഴിയാതെ തിരിച്ച് പോകേണ്ടുന്ന അവസ്ഥയാണ് ഉണ്ടായത് എന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി .എസ് രാധാകൃഷ്ണനും ജനറൽ സെക്രട്ടറി റെന്നി ആലുങ്കലും പറഞ്ഞു.