തൊടുപുഴ: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവ് പ്രശംസനീയമാണെന്ന് ശ്രീനാരായണ ധർമ്മവേദി .ന്യൂനപക്ഷ വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങളായ ലാറ്റിൻ, പരിവർത്തിത ക്രിസ്ത്യൻ, ജൈന, ബുദ്ധമത വിശ്വാസികളടക്കമുള്ളവർക്കു ലഭിക്കേണ്ട ആനുകൂല്യം രാഷ്ട്രീയ ലാഭത്തിനായി ഒരു വിഭാഗത്തിന് മാത്രം നൽകി വരുന്ന സ്ഥിതി അഭിലഷണീയമല്ല. സച്ചാർ കമ്മിറ്റി പിന്നീട് സംസ്ഥാന സർക്കാർ രൂപീകരിച്ച പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി എന്നിവയുടെ റിപ്പോർട്ട് അപക്വമാണ്.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ മുസ്ലിം, സിക്ക്, പാഴ്‌സി, ജൈന, ബുദ്ധമത വിശ്വാസികളെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അത് ഒരു വിഭാഗത്തിനു മാത്രമായി നൽകിയത് സാമൂഹ്യ നീതിയല്ല.
2014 ൽ കേരളാ സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് നിലവിൽ വന്നു. ഇത് ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയതാണ്. സ്‌കോളർഷിപ്പ് ഇനത്തിൽ ഒമ്പത് കോടിയിലധികം രൂപ പ്രതിവർഷം ചിലവഴിക്കുന്നു. ഈ തുക മുഴുവൻ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് കോടതിവിധി ഉടൻ നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കണമെന്ന് ശ്രീനാരായണ ധർമ്മവേദി സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഡോ:ബിജു രമേശ്, വർക്കിംഗ് ചെയർമാൻ കെ.കെ.പുഷ്പാംഗദൻ, പ്രൊഫ: ജി.മോഹൻദാസ്, അഡ്വ:എസ്.എൻ.ശശികുമാർ, അഡ്വ:അജിത് ശങ്കർ, വി.പി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.