online-clas
വേളൂർ വനമേഖലയിലെ പാറപ്പുറത്ത് വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിൽ (ഫയൽ ചിത്രം). ഒരു വർഷം കഴി‌ഞ്ഞിട്ടും സ്ഥിതിയിൽ മാറ്റമില്ല.

തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറയിലുള്ള മുപ്പതോളം കുട്ടികൾ ഓൺലൈൻ പഠനം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും ഓഫ്‌ലൈനിലാണ്. കിലോമീറ്ററുകൾ നടന്ന് കാട്ടുമൃഗങ്ങളുള്ള വേളൂർ വനമേഖലയിലെ പാറമുകളിലെത്തണം ഓൺലൈനാകാൻ. കുട്ടികൾ 'റേഞ്ച് പാറയെന്ന് ' ഓമനപേരിട്ട് വിളിക്കുന്ന ഇവിടെ മാത്രമാണ് പ്രദേശത്ത് അൽപമെങ്കിലും റേഞ്ചുള്ളത്. തൊടുപുഴ നഗരത്തിൽ നിന്ന് കഷ്ടിച്ച് 25 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ അവസ്ഥയാണിത്. ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടും ഇവിടത്തെ സ്ഥിതിക്ക് ഇതുവരെ ഒരു മാറ്റവുമില്ലെന്നതാണ് സങ്കടകരം. പ്രദേശത്ത് ഒരു മൊബൈൽ ടവർ സ്ഥാപിച്ചാൽ പ്രശ്നം തീരും. ഇതിന് സ്ഥലം വിട്ടുനൽകാൻ പോലും പ്രദേശവാസികൾ തയ്യാറുമാണ്. എന്നാൽ വനംവകുപ്പ് ഇതിന് തടസം നിൽക്കുന്നതാണ് പ്രശ്നം. 'ഫസ്റ്റ് ബെൽ' രണ്ടാം വർഷം ഇന്ന് ആരംഭിക്കുമ്പോഴും ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്ഥിതി ഇതുതന്നെയാണ്. വീട്ടിൽ സുഖമായിരുന്നുള്ള ഓൺലൈൻ പഠനം ഇടുക്കിയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും സ്വപ്നം മാത്രമാണ്. അതിർത്തിയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിലും ആദിവാസി ഊരുകളിലും എസ്റ്റേറ്റ് ലയങ്ങളിലും ഇനിയും ഓൺലൈൻ വിദ്യാഭ്യാസമെത്തിയിട്ടില്ല. തമിഴ് മീഡിയം സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അധികൃതരുടെ പട്ടികയിൽ നിന്നു പോലും പുറത്താണ്. പലരുടെയും പക്കൽ ലാപ്‌ടോപ്പോ സ്മാർട്ട് ഫോണോ എന്തിന് ടെലിവിഷൻ പോലുമില്ല. ഒരു വർഷത്തിലേറെയായി സ്‌കൂളുകളിൽ പോകാത്തതിനാൽ പല കുട്ടികളും രക്ഷിതാക്കൾക്കൊപ്പം മറ്റു ജോലികളിൽ വ്യാപൃതരാണ്. ഇവരെ പഠന പ്രവർത്തനങ്ങളിലേക്ക് മടക്കി കൊണ്ടുവരുന്നതും ഏറെ ശ്രമകരമാണ്.

ഡിജിറ്റൽ അല്ലാത്തത് 2015 കുട്ടികൾ

കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ശേഷം ആദ്യം നടത്തിയ കണക്കെടുപ്പിൽ ജില്ലയിൽ അയ്യായിരത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കേണ്ടതുണ്ടെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാൽ ഇത്തവണയെടുത്ത കണക്കെടുപ്പിലും 2015 കുട്ടികൾക്ക് ഡിജിറ്റൽ സൗകര്യമില്ലെന്നാണ് കണ്ടെത്തിയത്. ഈ വർഷം പുതിയതായി അഡ്മിഷനെടുത്ത കുട്ടികളും ഇതിൽപ്പെടും. ഇതിൽ മൊബൈൽ ഫോണില്ലാത്തവരും ടി.വിയില്ലാത്തവരും കേബിളില്ലാത്തവരും ഇന്റർനെറ്റ് സൗകര്യമില്ലാത്തവരും ഉൾപ്പെടും. ഇവ വേർതിരിച്ചുള്ള കണക്കെടുത്ത ശേഷം സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഇവ ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാൽ ഓഫ്‌ലൈനിലുള്ള വിദ്യാർത്ഥികൾ ഇതിലേറെയുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇന്റർനെറ്റ് സൗകര്യം, കേബിൾ ശൃംഖല എന്നിവ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഓഫ്‌ലൈൻ പഠന സൗകര്യം സജ്ജമാക്കും. സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ പെൻഡ്രൈവിൽ കോപ്പി ചെയ്ത് സമഗ്രശിക്ഷ കേരളയുടെ പ്രവർത്തകർ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കും.

ഫസ്റ്റ് ബെൽ ഇന്ന് മുതൽ

സ്കൂളിലെത്താതെയുള്ള തുടർച്ചയായ രണ്ടാം അദ്ധ്യയന വർഷം ഇന്ന് ആരംഭിക്കും. കൊവിഡായതിനാൽ ജില്ലാതല പ്രവേശനോത്സവം ഇത്തവണ ഉണ്ടാകില്ല. രാവിലെ പത്ത് മണിയോടെ എല്ലാ സ്കൂൾ തലത്തിലും ഓൺലൈനിൽ പ്രവേശനോത്സവം നടക്കും. ഗൂഗിൾ മീറ്റ് വഴി വിദ്യാർത്ഥികൾ പങ്കെടുക്കും. തുടർന്ന് ക്ലാസ് തലത്തിലും പ്രവേശനോത്സവം നടക്കും. പരസ്പരം പരിചയപ്പെടലും മോട്ടിവേഷൻ ക്ലാസും മാത്രമാണ് ഇന്നുണ്ടാകുക. നാളെ മുതലാണ് റെഗുലർ ക്ലാസുകൾ ആരംഭിക്കുക. കൊവിഡ് സെന്ററുകളായി പ്രവർത്തിക്കുന്ന സ്കൂളിലെ അദ്ധ്യാപകർ വീട്ടിലിരുന്നാകും ഓൺലൈൻ ക്ലാസെടുക്കുക.

ആറായിരത്തിലേറെ പുതിയ വിദ്യാർത്ഥികൾ

ഈ വർഷം ഇതുവരെ ആറായിരത്തിലധികം കുട്ടികൾ പുതിയതായി അഡ്മിഷനെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ അഡ്മിഷനെടുക്കുമെന്നാണ് കരുതുന്നത്. കൊവിഡ് കാരണം ഇത്തവണ അഡ്മിഷൻ ക്ലോസ് ചെയ്യില്ല. എപ്പോൾ വേണമെങ്കിലും പ്രവേശനം നേടാം.

'മുൻ വർഷത്തെ അപേക്ഷിച്ച് ഓൺലൈൻ പഠനസൗകര്യം വർദ്ധിച്ചിട്ടുണ്ട്. ബി.എർ.സിയുടെയും ഹെഡ്മാസ്റ്റർമാരുടെയും സഹായത്തോടെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടതെന്നാണെന്ന് പരിശോധിക്കും. കഴിഞ്ഞ വർഷത്തെ പോലെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഇത് പരിഹരിക്കും"

- ശശീന്ദ്രവ്യാസ് (ഡി.ഡി.ഇ)