തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ പകുതിയോളം പൂട്ടാൻ സർക്കാർ ഉത്തരവ് ഇറക്കിയത് ജില്ലയിലെ ആദിവാസി മേഖലയിലെയടക്കമുള്ള നൂറുക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കും. ആകെ 62 ഏകാദ്ധ്യാപക വിദ്യാലയങ്ങളിലായി 616 കുട്ടികളാണ് ജില്ലയിൽ പഠിക്കുന്നത്. ഇതിൽ 33 വിദ്യാലയങ്ങൾ നിലനിറുത്തി 19 എണ്ണം അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനം. ബാക്കി പത്ത് വിദ്യാലയങ്ങൾ സമീപത്തുള്ളവയുമായി ലയിപ്പിക്കും. ഇതോടെ ജില്ലയിലെ 182 കുട്ടികൾ മറ്റ് വിദ്യാലയങ്ങൾ തേടേണ്ടിവരും. ആദിവാസി മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏകാദ്ധ്യാപക വിദ്യാലയങ്ങൾ വലിയ പങ്കുവച്ചിരുന്നു. ഇനി കിലോമീറ്റർ അകലെയുള്ല സ്കൂളുകൾ തേടി വിദ്യാർത്ഥികൾ പോകണം. ഇതോടെ പലരുടെയും പഠനം മുടങ്ങാനും സാധ്യതയുണ്ട്. അദ്ധ്യാപകരായ വോളണ്ടിയർമാർക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും അനിശ്ചിതത്വമുണ്ട്. മാർച്ച് മുതൽ അദ്ധ്യാപകർക്ക് ശമ്പളവും ലഭിക്കുന്നില്ല. ഈ അദ്ധ്യയന വർഷം ഇന്ന് ആരംഭിക്കുമ്പോഴും ഇതുവരെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് അദ്ധ്യാപകർക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല. പുതിയ കുട്ടികളെ പ്രവേശിപ്പിക്കാമോയെന്ന കാര്യത്തിലും ഇവർക്ക് അറിയിപ്പൊന്നും നൽകിയിട്ടില്ല.

ഏകാദ്ധ്യാപക വിദ്യാലയം

1997ൽ ഗോത്രവർഗ മേഖലയിലെയും തീരപ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി സർക്കാർ ഡി.പി.ഇ.പിയിൽപ്പെടുത്തി സംസ്ഥാനമെമ്പാടും ആരംഭിച്ചതാണ് ഏകാദ്ധ്യാപക വിദ്യാലയങ്ങളായ മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകൾ (എം.ജി.എൽ.സി). 2012ൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതോടെ എം.ജി.എൽ.സികൾ പ്രൈമറി സ്‌കൂളുകളാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. പ്രധാനമായും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് എം.ജി.എൽ.സികളുള്ളത്. 2003 മുതൽ 2011 വരെ സർവശിക്ഷാ അഭിയാൻ വഴി കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു. ഇപ്പോൾ സംസ്ഥാനസർക്കാരിന് കീഴിലെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് ചുമതല.