കുമളി: പൊലീസിന്റെ മിന്നൽ പരിശോധനയിൽ വീട് കേന്ദ്രീകരിച്ച് നടന്ന കഞ്ചാവ് വിൽപന കേന്ദ്രത്തിൽ നിന്ന് ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിലായി. കുമളി സ്വദേശി ഷീജ, മൂങ്കലാർ സ്വദേശി അരുൺ, ജാർഖണ്ഡ് സ്വദേശി ബിജയ് എന്നിവരാണ് അറസ്റ്റിലായത്. 600 ഗ്രാം കഞ്ചാവും കഴിഞ്ഞ ദിവസം വിൽപന നടത്തിയ കഞ്ചാവിന്റെ പണവും പിടിച്ചെടുത്തു. സംസ്ഥാന അതിർത്തിയായ ടൗണിനോട് ചേർന്നുള്ള വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുമളി സി.ഐ സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാളുകളായി ഇവർ ഇവിടെ കഞ്ചാവ് വിൽപന നടത്തുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ ഇടപാടുകാരെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് എത്തിക്കുന്നതാണ് കഞ്ചാവ്. എസ്‌.ഐമാരായ അഭിലാഷ്, സെബാസ്റ്റ്യൻ, പി. ചാക്കോ തുടങ്ങിയവരും ജില്ലാ ആന്റി നാർകോടിക്ക് പ്രത്യേക പരിശോധന സംഘത്തിലെ അംഗങ്ങളായ ടോം, മഹേശ്വരൻ, ജോഷി, അനൂപ് തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.