searching

നെടുങ്കണ്ടം: എക്‌സൈസ്, പൊലീസ്, തമിഴ്‌നാട് വനംവകുപ്പ് എന്നിവർ സംയുക്തമായി കേരള- തമിഴ്‌നാട് അതിർത്തി വനമേഖലകളിൽ പരിശോധന നടത്തി. മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ അതിർത്തി മേഖലയിൽ ചാരായം വാറ്റ് വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ആഫീസിലെ ഉദ്യോഗസ്ഥരും തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും വണ്ടന്മേട് പൊലീസും ചേർന്ന് മന്തിപ്പാറ, മൂങ്കിപള്ളം എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കോടയോ ചാരായമോ കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടുന്ന അതിർത്തി വനമേഖലകളിൽ പരിശോധനകൾ നടത്തുമെന്ന് സംഘം അറിയിച്ചു.
ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ആഫീസിലെ പ്രിവന്റീവ് ആഫീസർ കെ.ആർ. ബാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്‌സൈസ് ആഫീസർമാരായ ഡി. സതീഷ്‌കുമാർ, തോമസ് ജോൺ, റ്റിറ്റേമോൻ ചെറിയാൻ, റോണി ആന്റണി, വി.പി. ബിലേഷ്, വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ പി.എസ്. ഷിബു, സി.പി.ഒ അരുൺകുമാർ, തമിഴ്‌നാട് വനംവകുപ്പിലെ കമ്പം വെസ്റ്റ് റേഞ്ച് ആഫീസിലെ ഫോറസ്റ്റർ രാജു, ബീറ്റ് ഗാർഡ് മണിവണ്ണൻ, ഫയർ വാച്ചർ തങ്കം, ബീറ്റ് വനിതാ വാച്ചർ വിൽവക്കനി എന്നിവർ പങ്കെടുത്തു.