തൊടുപുഴ: ലക്ഷദ്വീപിന് ഐക്യദാർഡളം പ്രഖ്യാപിച്ച് റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് മൂവാറ്റുപുഴ സ്വദേശിയുടെ പ്രതിക്ഷേധം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി നൗഷാദാണ് ഒറ്റയാൾ പ്രതിക്ഷേധം നടത്തിയത്. 16 വർഷം തൊടുപുഴയിലെ ജില്ലാ കൃഷി ആഫീസിൽ ഡ്രൈവറായിരുന്ന നൗഷാദ് ഇന്നലെ സർവീസിൽ നിന്ന് വിരമിക്കുകയായിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും നൗഷാദിന് യാത്രയയപ്പ് നൽകാനൊരുങ്ങിയെങ്കിലും നൗഷാദ് സ്വീകരിച്ചില്ല. പകരം ആഫീസിൽ നിന്ന് ദേശീയ പതാക പുതച്ചുകൊണ്ട് കഴുത്തിൽ പ്ലക്കാർഡ് തൂക്കി തൊടുപുഴ ഗാന്ധി സ്‌ക്വയർ ചുറ്റി മൂവാറ്റുപുഴയ്ക്ക് നടന്നു പോകാൻ നൗഷാദ് തീരുമാനിക്കുകയായിരുന്നു. ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ സംഘർഷങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ദ്വീപ് നിവാസികൾ നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും അനുഭാവം പ്രകടപ്പിക്കുന്നതായും നൗഷാദ് പറഞ്ഞു.