ldf

ക​ണ്ണൂ​ർ: സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് സി.പി.എം കോട്ടയായ കണ്ണൂരിൽ ചരിത്ര വിജയം നേടി ഇടതുപക്ഷത്തിന്റെ മുന്നേറ്റം. ജില്ലയിലെ 11 സീറ്റുകളിൽ ഇരിക്കൂർ,​ പേരാവൂർ ഒഴികെയുള്ള എല്ലായിടത്തും ഇടതുമുന്നണി തൂത്തുവാരി. മു​ഖ്യ​മ​ന്ത്രി​യും ര​ണ്ടു മ​ന്ത്രി​മാ​രും ജ​ന​വി​ധി തേ​ടി​യ കണ്ണൂരിൽ വൻ ഭൂരിപക്ഷമാണ് ഇടതുമുന്നണി നേടിയത്. ധർമ്മടം, കല്യാശേരി, മട്ടന്നൂർ, തലശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിൽ വൻലീഡ് നേടിയാണ് ഇടതുമുന്നണി ഭരണം ഉറപ്പിച്ച ചരിത്രവിജയം നേടിയത്. എന്നാൽ ഇരിക്കൂറിലും പേരാവൂരിലും നേരിയ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫ് നേടിയത്. ജില്ലയിൽ ഒരിടത്തും ബി.ജെ.പിക്ക് മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

മട്ടന്നൂരിൽ കെ.കെ. ശൈലജ നേടിയ 62,000 വോട്ടിന്റെ റിക്കാർ‌ഡ് ഭൂരിപക്ഷം കണ്ണൂരിലെ വിജയത്തിന് തിളക്കം കൂട്ടി. ഇ​രി​ക്കൂ​ർ, പേ​രാ​വൂ​ർ, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​റ​ച്ച വി​ജ​യം പ്ര​തീ​ക്ഷി​ച്ച യു​.ഡി​.എ​ഫ് ഇ​ത്ത​വ​ണ ക​ണ്ണൂ​രും കൂ​ത്തു​പ​റ​മ്പും പി​ടി​ക്കു​മെ​ന്നായിരുന്നു അവകാശപ്പെട്ടത്. എന്നാൽ രണ്ടുസീറ്റിൽ ഒതുങ്ങുകയായിരുന്നു. 2016-ലെ ​നി​യ​മ​സ​ഭാ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ 11 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ട്ടി​ട​ത്ത് എ​ൽ.​ഡി​.എ​ഫി​നും മൂ​ന്നി​ട​ത്ത് യു.​ഡി​.എ​ഫി​നു​മാ​യി​രു​ന്നു ജയം. 2011-ൽ ​അ​ഞ്ചു സീ​റ്റു​ക​ൾ യു​.ഡി.​എ​ഫി​ന് ല​ഭി​ച്ചി​രു​ന്നു.

എ​ൽ​.ഡി​.എ​ഫി​ൽ സി.പി.എം എട്ടിലും ഓരോ സീറ്റുകളിൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം, എ​ൽ​.ജെ.​ഡി, കോ​ൺ​ഗ്ര​സ്-​എ​സ് പാർട്ടികളുമാണ് മ​ത്സ​രി​ച്ചത്.യു​.ഡി.​എ​ഫി​ൽ എ​ട്ടു സീ​റ്റി​ൽ കോ​ൺ​ഗ്ര​സും ര​ണ്ടു സീ​റ്റി​ൽ മു​സ്‌​ലിം ലീ​ഗും ഒ​രി​ട​ത്ത് ആ​ർ.​എ​സ്.പി​യും മത്സരിച്ചു.

ക​ണ്ണൂ​ർ

വ​ർ​ഷ​ങ്ങ​ളാ​യി യു​.ഡി​.എ​ഫി​നൊ​പ്പം നി​ന്നി​രു​ന്ന ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ണ്ണൂ​ർ. കോ​ൺ​ഗ്ര​സി​ന് സ്വാ​ധീ​ന​മു​ള്ള ഇ​വി​ടെ ക​ഴി​ഞ്ഞ​ത​വ​ണ ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ കോ​ൺ​ഗ്ര​സ്-​എ​സി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ ഇത്തവണയും വിജയം ആവർത്തിച്ചു. കഴിഞ്ഞ തവണത്തെ കോൺഗ്രസിലെ പടലപിണക്കങ്ങളും ലീഗിലെ അസ്വാരസ്യങ്ങളും ഇത്തവണയില്ലെന്നത് യു.ഡി.എഫിന് ആശ്വാസം നൽകിയെങ്കിലും അടിയൊഴുക്കുകൾ കാണാതെ പോയതാണ് സതീശൻ പാച്ചേനിയുടെ പരാജയത്തിന് കാരണമായത്.

74.87 ശ​ത​മാ​നം പോ​ളിം​ഗാ​ണ് മ​ണ്ഡ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ൺ​ഗ്ര​സി​ന്റെ ചി​ല ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് നേരത്തെ തന്നെ പ്രതീക്ഷ നൽകിയിരുന്നു.

അ​ഴീ​ക്കോ​ട്

ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഴീ​ക്കോ​ട്. ഇ​വി​ടെ കെ.​വി. സു​മേ​ഷ് ജ​യി​ക്കു​മെന്ന് ഇ​ട​തു​മു​ന്ന​ണി​ നേരത്തെ തന്നെ കണക്കു കൂട്ടിയിരുന്നു. കണ്ണൂരിന്റെ ജനകീയ മുഖം എന്ന നിലയിൽ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.വി. സുമേഷിനെ മത്സരത്തിനിറക്കുമ്പോൾ സി.പി. എമ്മിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അതു പരമ്പരാഗത വൈരിയായ കെ.എം. ഷാജിയെ മുട്ടുകുത്തിക്കുക എന്നതായിരുന്നു. മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ ഷാജി അഴീക്കോടിനോട് വിമുഖത കാണിച്ചിരുന്നുവെന്നു വേണം കരുതാൻ. ലീഗ് കേന്ദ്രങ്ങളിൽ നിന്നു പോലും കിട്ടിയ വോട്ടാണ് സുമേഷിന് വിജയം ഉറപ്പാക്കിയത്.

77.91 ശ​ത​മാ​നം പോ​ളിം​ഗാ​ണ് അ​ഴീ​ക്കോ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അഴീക്കോട്ട് രണ്ടുതവണ വിജയിച്ച ഷാജിയെ എങ്ങനെയും തോൽപ്പിക്കാൻ കച്ചകെട്ടിയാണ് ഇടതുമുന്നണി ഇറങ്ങിയത്.

പേ​രാ​വൂ​ർ

കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ണ്ണി ജോ​സ​ഫ് തു​ട​ർ​ച്ച​യാ​യി മൂന്നാം ത​വ​ണ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് പേ​രാ​വൂ​ർ. ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ന്ന ഇ​ത്ത​വ​ണ​യും മ​ണ്ഡ​ലം ത​ങ്ങ​ൾ​ക്കൊ​പ്പം നി​ല​നി​ൽ​ക്കു​മെ​ന്നാ​യിരുന്നു യു​.ഡി​.എ​ഫി​ന്റെ ആ​ത്മ​വി​ശ്വാ​സം. എ​ക്സി​റ്റ് പോ​ളു​ക​ളും സ​ർ​വേ​ ഫ​ല​ങ്ങ​ളു​മെ​ല്ലാം ഇ​ട​തി​ന് അ​നു​കൂ​ല​മാ​യിരുന്നുവെങ്കിലും ഇ​ട​തു സ്ഥാ​നാ​ർത്ഥി സ​ക്കീ​ർ ഹു​സൈ​നിൽ നിന്ന് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് സണ്ണി ജോസഫ് നേരിട്ടത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി യുവപോരാളിയെ നിർത്തിയതോടെ ഇടതുമുന്നണിക്ക് ആത്മവിശ്വാസം ഇരട്ടിച്ചുവെങ്കിലും ഫലം മറിച്ചായി.

ഇ​രി​ക്കൂ​ർ

സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്റെ ഉ​റ​ച്ച സീ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​രി​ക്കൂ​ർ. എട്ടുതവണ മത്സരിച്ച കെ.​സി. ജോ​സ​ഫ് പി​ന്മാ​റി​യ​തും ഇ​ട​തു​മു​ന്ന​ണി​ക്കാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ത്സ​രി​ച്ച​തു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. കടുത്ത പ്രതിസന്ധിക്കൊടുവിൽ കെ​.പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ് യു​.ഡി​.എ​ഫ് സ്ഥാ​നാ​ർത്ഥി​യാ​യപ്പോ​ൾ എൽ​.ഡി​.എ​ഫി​നു​വേ​ണ്ടി കേരള കോൺഗ്രസിലെ സ​ജി കു​റ്റ്യാ​നി​മ​റ്റ​മാ​ണു മ​ത്സ​രി​ച്ച​ത്.

കോ​ൺ​ഗ്ര​സി​ൽ സ്ഥാ​നാ​ർത്ഥി നി​ർ​ണ‍​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. എന്നാൽ അത്തരം അസ്വാരസ്യങ്ങളെ മുഴുവൻ അസ്ഥാനത്താക്കിയാണ് സജീവ് ജോസഫ് വിജയിച്ചത്.

കൂ​ത്തു​പ​റ​മ്പ്

മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​ടെ സി​റ്റിം​ഗ് സീ​റ്റായ കൂത്തുപറമ്പിൽ എ​ൽ​.ജെ.ഡി നേ​താ​വ് കെ.​പി. മോ​ഹ​ന​നും ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ ജയം ഇടതുമുന്നണിക്കൊപ്പം നിൽക്കുകയായിരുന്നു. ക​ഴി​ഞ്ഞ​ത​വ​ണ ശൈ​ല​ജ 12,291 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യ മ​ണ്ഡ​ലം ഇ​ത്ത​വ​ണ മോ​ഹ​ന​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ഇ​ട​തു​നേ​താ​ക്കൾ നേരത്തെ കണക്കുകൂട്ടിയിരുന്നു. ലീഗ് കോട്ടകളിലെ വോട്ടുകൾ ഇടതുമുന്നണിയിലേക്ക് ഒഴുകിയെന്നു വേണം കരുതാൻ.

ചെങ്കോട്ടകളിൽ കരുത്തോടെ സി.പി. എം

ഫ​ല​മ​റി​യു​ന്ന​തി​നു​മു​മ്പ് തന്നെ ജില്ലയിലെ ആ​റു സീ​റ്റു​ക​ളിൽ ഇ​ട​തു​പ​ക്ഷം നേരത്തെ തന്നെ വിജയം ഉറപ്പിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം, കെ.കെ. ശൈലജയുടെ മട്ടന്നൂർ, എം.വി. ഗോവിന്ദൻ മത്സരിച്ച തളിപ്പറമ്പ്, എം.വിജിന്റെ കല്യാശേരി, ടി.ഐ. മധുസൂദനൻ മത്സരിച്ച പയ്യന്നൂർ, എ.എൻ. ഷംസീർ മത്സരിച്ച തലശേരി എന്നിവ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളാണ്. ഇവിടെ ഒരു അട്ടിമറിയും അത്ഭുതങ്ങളും സംഭവിക്കുമെന്ന് എതിരാളികൾ പോലും കണക്കു കൂട്ടിയിരുന്നില്ല. ഈ ആറ് മണ്ഡലങ്ങളിലും ചരിത്ര വിജയമാണ് ഇടതുമുന്നണിക്ക് സമ്മാനിച്ചത്.