പാപ്പിനിശേരി: നാവിന്റെ രസമുകുളങ്ങളെ ഉണർത്തുന്ന കണ്ണൂരിന്റെ നാട്ടുമാമ്പഴങ്ങളിൽ ഔഷധമൂല്യവുമുണ്ടെന്ന കണ്ടെത്തലിനെ സ്ഥിരീകരിക്കാൻ ഗവേഷകർ. കുറ്റ്യാട്ടൂർ, കണ്ണപുരം, നമ്പ്യാർ മാങ്ങ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവയുടെ രാസഘടനാപരിശോധനയ്ക്ക് മുന്നിട്ടിറങ്ങിയത്, നാട്ടുമാങ്ങയ്ക്ക് പേരുകേട്ട കണ്ണപുരത്തെ നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയാണ്. പടന്നക്കാട് കാർഷിക ഗവേഷണകേന്ദ്രമാണ് മലബാറിലെ നാട്ടുമാവുകളെ കുറിച്ച് പഠനം നടത്തുന്നത്.
നാട്ടുമാവിനങ്ങളെ കണ്ടെത്തൽ, കണ്ടെത്തിയ ഇനങ്ങളുടെ സംരക്ഷണം, വിത്ത് തൈകളിലൂടെയും ഗ്രാഫ്റ്റ് തൈകളിലൂടെയും അതിന്റെ വ്യാപനം, പ്രത്യേക സവിശേഷതയുള്ള ഇനങ്ങളുടെ രാസഘടനാ പരിശോധന എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ പ്രവർത്തിക്കുന്നത്. കൂട്ടായ്‌മ പ്രവർത്തകൻ ഷൈജു മാച്ചാത്തി കണ്ണപുരത്തും സമീപ പഞ്ചായത്തുകളിൽനിന്നും കണ്ടെത്തിയ 22 കടുക്കാച്ചി ഇനത്തിൽപ്പെട്ട നാടൻ മാവുകളുടെ രാസഘടനാ പരിശോധനയും നടക്കുന്നുണ്ട്. പടന്നക്കാട് കാർഷിക ഗവേഷണകേന്ദ്രം ഹോർട്ടി കൾച്ചറൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫ. ടി.ടി തനൂജ, ഷൈജു മാച്ചാത്തി, കണ്ണപുരം കൃഷി ഓഫീസർ എ.എൻ. അനുഷ എന്നിവരടങ്ങുന്ന ടീമാണ് കണ്ണപുരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചത്.
കണ്ണൂരിലെ നാട്ടുമാമ്പഴങ്ങളിൽ കുറ്റ്യാട്ടൂരാണ് മുമ്പൻ. കൊവിഡ് കാലമായതോടെ ഇവയുടെ കയറ്റുമതി തത്കാലത്തേക്ക് നിലച്ചത് കർഷകർക്ക് ഇക്കുറി തിരിച്ചടിയായിട്ടുണ്ട്. അറബ് നാടുകളിലും മറ്റും മാങ്ങയായും അച്ചാറുകളായും സ്ക്വാഷായും ജാമായും വിപണിയിലേക്ക് ഒഴുകാൻ തയാറെടുക്കുകയാണ് ഈ ഇനം. കർഷകരുടെ സാമ്പത്തികസ്ഥിതിയും ഇതോടെ മെച്ചപ്പെടും. ഇവയുടെ രാസപരിശോധനയും വൈകാതെ നടക്കും.
വിപണിക്കായി ഇക്കോഷോപ്പ്
നിലവിൽ ഇവിടെ ഉത്പാദകരുടെ കമ്പനിയും മാവ് കർഷകരുടെ സമിതിയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കൃഷിഭവൻ നേരിട്ട് മാങ്ങ സംഭരിച്ച് ഇക്കോഷോപ്പ് വഴി വിപണിയിൽ എത്തിക്കുന്നു. ഇതിനകം കൂട്ടായ്മയിലെ കർഷകർക്കെല്ലാം സൗജന്യമായി ഫോർമാലിൻ കെണി നൽകിയിട്ടുണ്ട്. പാകമായ മാങ്ങകൾ മാത്രം വിൽക്കുന്നതിനാൽ ബാക്കിയാകുന്നവ അച്ചാർ, സ്ക്വാഷ്, ജാം അടക്കമുള്ളവ നിർമ്മിക്കാൻ ഉപയോഗിക്കും. മാർച്ച് മുതൽ മേയ് വരെയുള്ള സീസണിനിടയിൽ ഒരു മാവിൽ നിന്ന് 150 കിലോ ഗ്രാം മാങ്ങ ലഭിക്കുമെന്നാണ് കണക്ക്. രാസപദാർത്ഥങ്ങൾ ഉപയോഗിക്കാതെ കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും ഉപയോഗിച്ച് പരമ്പരാഗതരീതിയിലാണ് മാങ്ങകൾ പഴുപ്പിക്കുന്നത്.
മല്ലിക മാമ്പഴത്തിൽ ബീറ്റ കരോട്ടിൻ
എല്ലാ ഹൈബ്രിഡ് ഇനങ്ങളിലും മാങ്ങകളുടെ രാസഘടനാ പരിശോധന നടത്താറുണ്ട്. ഇത്തരം പരിശോധനയിലാണ് മല്ലിക മാങ്ങയിൽ ബീറ്റ കരോട്ടിൻ ധാരാളമുണ്ടെന്ന് കണ്ടെത്തിയത്. കണ്ണപുരം ഇടക്കേപ്പുറത്ത് വ്യാപകമായി കാണുന്ന മരുന്നുമാങ്ങ ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്ന് പഴയ തലമുറ വിശ്വസിച്ചിരുന്നു.