തലശ്ശേരി :രോഗ പ്രതിരോധ ശേഷി ഏറ്റവും കൂടുതൽ ആവശ്യമായ ഈ കാലഘട്ടത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം ഇല്ലായ്മ ചെയ്യുവാൻ എല്ലാ മനുഷ്യ സ്‌നേഹികളും മുന്നോട്ടുവരണമെന്നും മദ്യവിരുദ്ധ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് പ്രസ്താവിച്ചു. തലശ്ശേരി അതിരൂപതാ മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും ഓൺലൈൻ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവശ്യ വസ്തു എന്നതുപോലെ മദ്യം വീടുകളിൽ എത്തിച്ചുകൊടുക്കുവാനുള്ള ആലോചനകൾ വരെ തകൃതിയായി നടക്കുന്ന ഈ അവസരത്തിൽ അതിനെതിരെ പ്രതികരിക്കുവാൻ പോലും സാധിക്കാത്തവിധം സമൂഹത്തിന്റ പൊതു മനഃസാക്ഷി മന്ദീഭവിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന് നേർവഴി കാണിച്ചുകൊടുക്കുവാനും നിർഭയം സത്യം പുലരുവാനുമായി സമൂഹ മനഃസാക്ഷിയുടെ കാവൽക്കാരുമാകേണ്ട സാംസ്‌കാരിക നായകന്മാർ മൗനം വെടിയണമെന്ന് നേതൃസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ഹോം ഡെലിവറി തലമുറകളെ തകർക്കുകയും വാക്സിനേഷന്റെ ഫലപ്രാപ്തി കുറക്കുകയും ചെയ്യുമെന്നതിനാൽ പ്രസ്തുത കാര്യത്തിലുള്ള ആലോചനകൾ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കി.